പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Wednesday, 1 June 2016

പ്രവേശനോത്സവം

   2016-17 അധ്യയന വര്‍ഷത്തെ ഹൃദ്യമായി വരവേറ്റുകൊണ്ട് വിദ്യാലയത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. നവാഗതരെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യാനായി വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. സ്കൂള്‍ തല പ്രവേശനപരിപാടികള്‍ക്കൊപ്പം വലിയപറമ്പ ഗ്രാമപഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവവും വിദ്യാലയത്തിലാണ് ഒരുക്കിയിരുന്നത്.


     സ്വാമിമഠം പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ ഒന്നാം ക്ലാസിലേക്കുള്ള കുരുന്നുകളും വിവിധ ക്ലാസുകളിലേക്ക് പുതുതായി പ്രവേശനം നേടിയ കൂട്ടുകാരും അണി നിരന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ജബ്ബാര്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. രവീന്ദ്രന്‍, എസ്.എം.സി പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ റസാഖ്,ബി.ആര്‍.സി പ്രതിനിധി ശ്രീമതി രോഷ്നി, അധ്യാപകര്‍ .ടി.എ, എം.പി.ടി.എ അംഗങ്ങള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍  ഘോഷയാത്രയില്‍ കുട്ടികള്‍ക്കൊപ്പം  അണിനിരന്നു. വര്‍ണ ബലൂണുകളും പീപ്പികളും സമ്മാനമായി ലഭിച്ച കൂട്ടുകാര്‍ക്കൊപ്പം വിദ്യാഭ്യാസം നമ്മുടെ അവകാശമാമെന്ന് പ്രഖ്യാപിക്കുന്ന വിവിധ പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു. 

    വിദ്യാലയത്തിലേക്ക് പ്രവേശിച്ച പുതിയ കൂട്ടുകാരെ അക്ഷരദീപം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് അവരെ വേദിയിലേക്ക് ആനയിച്ചു. സി.ആര്‍.സി ക്ലബ്ബ് പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും മധുരം നല്‍കി മനസ്സ് കുളിര്‍പ്പിച്ചു. ഈ സമയം പ്രവേശനോത്സവ ഗാനം വേദിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഹ്രസ്വമായ ഉദ്ഘാടനച്ചടങ്ങ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ ജബ്ബാര്‍ , എസ്.എം.സി പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

   വിവിധ സ്ഥാപനങ്ങളും വ്യക്തികളും നല്‍കിയ പഠനോപകരണങ്ങളുടെ വിതരണം എല്ലാ കുട്ടികള്‍ക്കും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സരോജിനി നടത്തി. എല്‍.പി.കുട്ടികള്‍ക്കെല്ലാവര്‍ക്കും പ്രത്യേകം പഠനോപകരണ കിറ്റും വിതരണം ചെയപ്പെട്ടു. 




   പാഠപുസ്തക വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ. ചന്ദ്രാംഗദന്‍ മാസ്റ്റര്‍, ബി.ആര്‍.സി പ്രതിനിധി ശ്രീമതി രോഷ്നി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി ശ്രീ.മധുസൂദനന്‍ നന്ദിയും അറിയിച്ചു. 







    ആയിരം മണിക്കൂറുകള്‍ കുട്ടികളോടൊപ്പം ഫലപ്രദമായി ഉണ്ടാവുമെന്ന് ഹെഡ്മാസ്റ്റര്‍ പ്രഖ്യാപിച്ചു. ഗുണമേന്മാ വിദ്യാലയം സാധ്യമാക്കാന്‍ അദ്ദേഹം എല്ലാവരുടെയും പിന്തുണ അഭ്യാര്‍ത്ഥിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്ര നിഥിന്റെ സന്ദേശം പ്രദര്‍ശിപ്പിച്ചു. 

    കുട്ടികള്‍ക്കായി കുട്ടിപ്പാട്ടുകള്‍ നല്‍കി. തുടര്‍ന്ന് കുട്ടികളുമായി സംവദിച്ചു. എല്ലാവര്‍ക്കും പായസം വിതരണം ചെയ്തു. സാര്‍ത്ഥകമായ ഒരു വിദ്യാലയ വര്‍ഷത്തെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് കൂടുതല്‍ ഉയരങ്ങളിലേക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാമെന്നുള്ള പ്രതിജ്ഞയോടെ പ്രവേശനോത്സവചടങ്ങുകള്‍ക്ക് വിരാമമായി.
     ഈ വര്‍ഷം വിദ്യാലയത്തിലെ വിവിധ ക്ലാസുകളിലേക്ക് എത്തിച്ചേര്‍ന്ന 23 കുട്ടികളെയും രക്ഷിതാക്കളേയും ഞങ്ങല്‍ പ്രത്യേകം അഭിനന്ദിക്കുന്നു. കുട്ടികള്‍ക്ക് മികച്ച പഠനപ്രവര്‍ത്തനങ്ങള്‍ ഞങ്ങല്‍ ഉറപ്പു തരുന്നു.

No comments:

Post a Comment