പ്രകൃതിയെ മറന്നുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ നമ്മുടെ ഭൂമി വാസയോഗ്യമല്ലാതായിത്തീരും എന്ന തിരിച്ചറിവ് മാനവരാശിക്കുണ്ടായതിന്റെ ഫലമായാണ് 1972 ല്‍ ലോകരാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സ്വീഡനില്‍ മാനവ ഏകതാ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ലോകരാജ്യങ്ങള്‍ ഒന്നാകെ മാനവരാശിയുടെ നിലനില്പിനായി കൈകോര്‍ത്ത് നടത്തിയ പ്രഖ്യാപനം ജൂണ്‍ 5 ന് പുറത്തു വന്നു. ഈ ദിനത്തിന്റെ ഓര്‍മ്മ പുതുക്കലുമായാണ് ഓരോ പരിസര ദിനവും കടന്നു വരുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ പരിസര സംഘടന (UNEP- United nations Environmental Programme) യുടെ നേതൃത്വത്തിലാണ് പരിസര ദിനാഘോഷങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷത്തെ പരിസരദിന സന്ദേശം ജീവനുവേണ്ടി വന്യമാവുക (Go wild for life) എന്നതാണ്. ഓരോ വന്യജീവിയുടെയും നാശം ഓരോ ആവാസവ്യവസ്ഥയുടെ നാശം കൂടിയാണെന്ന് നാമിന്ന് തിരിച്ചറിയുന്നു. അതുകൊണ്ടു തന്നെ വന്യജീവികളെ സംരക്ഷിക്കേണ്ടത് പ്രകൃതിയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. വന്യജീവി വ്യാപാരത്തിലെ സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ആണ് യു.എന്‍.ഇ.പി ഈ വര്‍ഷത്തെ ലോക പരിസരദിനത്തിലൂടെ ലക്ഷ്യമിടുന്നത്. 2016 ലെ പരിസരദിനത്തിന്റെ ആതിഥേയ രാഷ്ട്രം അംഗോളയാണ്. ഏറ്റവും കൂടുതല്‍ വന്യജീവികളെ വേട്ടയാടിയും പിടികൂടിയും വില്പനക്കെത്തിക്കുന്ന സംഘങ്ങള്‍ സജീവമായ ഈ രാജ്യത്തെ മാഫിയകളെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഇല്ലാത്ത അത്ഭുത ശക്തികളുടെ പേരിലാണ് നമ്മുടെ നാട്ടിലെ വെള്ളിമൂങ്ങയും നക്ഷത്ര ആമകളും മറ്റും നാടുകടക്കുന്നത്. ഇതിനെതിരെയെല്ലാം പ്രവര്‍ത്തിക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണെന്ന് ഈ പരിസര ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ആഘോഷപൂര്‍വ്വം വൃക്ഷത്തൈകള്‍ നട്ട് ഉപേക്ഷിക്കുന്ന ദിനമല്ല പരിസരദിനം എന്നത് നാം മറന്നുകൂട. മാനവരാശിയുടെ മാത്രമല്ല ഈ ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടി നാം നമ്മുടെ പ്രതിജ്ഞപുതുക്കുന്ന ദിവസമായിരിക്കണം അത്.
വിദ്യാലയത്തില്‍ പരിസര ദിനത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ബോധവല്‍ക്കരണത്തിനായി ബാഡ്ജ് നിര്‍മ്മാണവും ധാരണവും കൂട്ടച്ചിത്രരചന, റാലി, മരമുത്തശ്ശിയെ ആദരിക്കല്‍, വൃക്ഷത്തൈ വിതരണവും നടലും, ഓരോ വീട്ടിലും നാടന്‍ മാവ്, ക്വിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.
വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.
No comments:
Post a Comment