പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Saturday 23 April 2016

ഭൗമദിനം



        ജീവന്റെ അങ്കുരങ്ങളുള്ള ഏക ഗ്രഹമാണ് ഭൂമി. നമുക്ക് ഒരു ഭൂമി മാത്രമേയുള്ളൂ. ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഈ ഓര്‍മ്മപ്പെടുത്തലോടെയാണ് എല്ലാ വര്‍ഷവും ഏപ്രീല്‍ 22 ന് നാം ഭൗമദിനം ആചരിക്കുന്നത്. ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം ജീവികളുടെ അഭയസ്ഥാനം എന്ന അതിന്റെ സാധ്യത കുറച്ചുകൊണ്ടുവരികയാണ്. നമ്മുടെ ഭൂമിയെ മറന്നുകൊണ്ടുള്ള ഒരു വികസനപ്രവര്‍ത്തനവും നാം അനുവദിച്ചുകൂട. രാവിലെ ഉറക്കമുണരുമ്പോള്‍ ഭൂമിയെ ചവിട്ടുന്നതില്‍ ക്ഷമ ചോദിച്ചവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍. ആസംസ്കാരം നമുക്കും പാലിക്കാം. നമ്മുടെ ഭൂമിയമ്മയെ വേദനിപ്പിക്കാതിരിക്കാം. ഭൗമദിനത്തില്‍ നമുക്ക് ഈ പ്രതിജ്ഞ പുതുക്കാം. ജീവിതചര്യയാക്കാം.

Wednesday 13 April 2016

അവധിക്കാല പ്രവര്‍ത്തനങ്ങള്‍


         അവധിക്കാലം അറിവിന്‍ കാലം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അവധിക്കാലം കളിച്ചു തിമര്‍ക്കുന്നതിനൊപ്പം പുതിയ അറിവുകള്‍ കൈവരിക്കാന്‍ കൂടിയുള്ളതാണെന്ന ഓര്‍മ്മപ്പെടുത്തലോടെ അവധിക്കാല പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ശേഖരണങ്ങള്‍, നിര്‍മ്മാണങ്ങള്‍, വായന, സന്ദര്‍ശനങ്ങള്‍, കളികള്‍, സൈക്കിള്‍- നീന്തല്‍ പഠനങ്ങള്‍,. .  തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ച ചെയ്തത്.




കാര്‍ഷികോത്സവമായി വിഷു

      



      കേരളത്തിന്റെ കാര്‍ഷികോത്സവമാണ് വിഷു. ജ്യോതിശാസ്ത്രപരമായി രാവും പകലും തുല്യമാകുന്ന ദിവസമാണ് വിഷുവം. ഇതാണ് വിഷു എന്നറിയപ്പെടുന്നത്. സൂര്യന്റെ പുരസ്സരണം കാരണം വിഷുവം ഇപ്പോള്‍ മാര്‍ച്ച 21 നാണ്. എന്നാലിന്ന് സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് നാം വിഷുവായി ആഘോഷിക്കുന്നത്. 


         കേരളത്തിലെ പ്രധാന വിളവെടുപ്പ് ഉത്സവമാണ് വിഷു. പുതിയ വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് വിഷുദിനത്തിലാണ്. കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കൃതി തിരിച്ചുപിടിക്കാന്‍ ഈ വിഷുദിനത്തില്‍ നമുക്കും പങ്കാളികളാകാം. 
                       
                                                     എല്ലാവര്‍ക്കും വിഷുദനാശംസകള്‍