പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Friday, 31 July 2015

സ്നേഹത്തണല്‍

         സര്‍വ്വശിക്ഷാ അഭിയാന്‍ കാസറഗോഡ്, കേരള കൗമുദി, കേരള ഫോക് ലോര്‍ അക്കാദമി  എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സ്നേഹത്തണല്‍ - മണ്ണറിവുമായി കുരുന്നുകള്‍ - പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടമായ ക്വിസ് മത്സരങ്ങള്‍ വിദ്യാലയത്തില്‍ നടന്നു.  
 
          മത്സരങ്ങള്‍ക്ക് ശേഷം നടന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ രവീന്ദ്രന്‍  സ്വാഗതമാശംസിച്ചു. ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി സുജാത.കെ അധ്യക്ഷയായിരുന്നു. കേരള കൗമുദി  സ്പെഷല്‍ കറസ്പോണ്ടര്‍ ശ്രീ. ഒ.സി.മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

  




            കേരളകൗമുദി സെയില്‍സ് ഓഫീസര്‍ ശ്രീ.ബി.നാരായണന്‍ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തി.


          വിദ്യാലയത്തിലെ അധ്യാപകരായ ശ്രീ.മധുസൂദനന്‍.വി ആശംസകള്‍ അര്‍പ്പിച്ചു.



.
                                ക്വിസ് മത്സരത്തില്‍ ശ്രീരാഗ്.പി.പി ഒന്നാം സ്ഥാനവും                                 ആദിത്ത്.കെ.വി രണ്ടാം സ്ഥാനവും നേടി.

 

Thursday, 30 July 2015

മെഡിക്കല്‍ ക്യാമ്പ്


                    വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി  2015 ആഗസ്ത് 9 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വിദ്യാലയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. വിവിധ മെഡിക്കല്‍ ഡിപ്പാര്‍ട്മെന്റുകളിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കും. സൗജന്യ മരുന്ന് വിതരണവും ഉണ്ടാകും. 

     ക്യാമ്പില്‍ ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായിരിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടര്‍ ശ്രീ. രാഘവന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.

               ക്യാമ്പിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു 

ചൊല്‍ക്കാഴ്ച

ഏഴാംതരം കേരള പാഠാവലിയെ അധികരിച്ച് ചൊല്‍ക്കാഴ്ച അരങ്ങേറിയപ്പോള്‍ .  .


പ്രകൃതി നടത്തം

         അഞ്ചാംതരത്തിലെ ശാസ്ത്രപഠനവുമായി ബന്ധപ്പെട്ട് ഒരു പ്രകൃതി നടത്തം. പൊയ്ക്കാല്‍വേരുകളും മൂടില്ലാത്താളിയും . ..





Monday, 27 July 2015

ഡോ. എ.പി.ജെ. അബ്ദുൽ കലാം


      ഡോ. .പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം Avul Pakir Jainulabdeen Abdul Kalam) ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്. തന്റെ ജനകീയ നയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞു. 2015 ജൂലൈ 27 ന് ഷില്ലോങ്ങിൽ വച്ച് ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
   രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളിൽ കലാം ഉദ്യോഗസ്ഥനായിരുന്നു.മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസ്സൈൽ മനുഷ്യൻ എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുൾകലാം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
      ഭാരതീയരെ നാളെയുടെ തിളക്കത്തിലേക്ക് ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ച ഭരണാധികാരിയും സാങ്കേതിക വിദഗ്ദ്ധനുമായിരുന്നു അദ്ദേഹം. ഭാരതത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടം തന്നെയായിരിക്കും.

Tuesday, 21 July 2015

ചാന്ദ്രദിനാഘോഷം

      
          മനുഷ്യന്റെ ഐതിഹാസികമായ വിജയങ്ങളിലൊന്നായിരുന്നു ഒരു അന്യഗോളത്തില്‍ കാല്‍കുത്താനായത്. മനുഷ്യമനസ്സിനെ എക്കാലവും പ്രചോദിപ്പിച്ചിരുന്ന അമ്പിളി മാമന്‍ അതോടെ ജീവസ്സില്ലാത്ത പാറക്കൂമ്പാരം മാത്രമായി. അമ്പിളിമാമനില്‍ ഒതുങ്ങി നിന്നില്ല മനുഷ്യന്റെ അന്വേഷണതൃഷ്ണ. അത് സൗരയൂഥത്തിനുമെത്രയോ അപ്പുറത്തേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നു. അറിവിന്റെ വിശാലചക്രവാളം വികസിതമായിക്കൊണ്ടിരിക്കുന്നു..
എങ്കിലും ചന്ദ്രനില്‍ കാല്‍കുത്താനായ ആ വിസ്മയ നിമിഷം എന്നും പ്രചോദനമായിരിക്കും. മനുഷ്യന്റെ കൊച്ചു കാല്‍വെപ്പ് മാനവരാശിയുടെ കുതിച്ചുചാട്ടമായി മാറിയ 1969 ജൂലൈ 21 ന്റെ ഓര്‍മ്മ പുതുക്കി വിദ്യാലയത്തിലും ചാന്ദ്രദിനം സമുചിമതമായി ആഘോഷിച്ചു. 

     എല്ലാ ക്ലാസ്സുകളിലും ചാന്ദ്രദിനപതിപ്പുകള്‍ പൂത്തിറങ്ങി. ചാന്ദ്രദിന ബാഡ്ജ്ധാരികള്‍ വിദ്യാലയത്തില്‍ നിറഞ്ഞു. ഒപ്പം പ്രപഞ്ചത്തിന്റെ വിസ്മയ വികാസം വിടര്‍ത്തിയ പ്രസന്റേഷനുകളും ചാന്ദ്ര വീഡിയോകളും . . തുടര്‍ന്ന് മള്‍ട്ടി മീഡിയ ക്വിസ്സും.  . എല്ലാവരും മികച്ച സ്കോറുകള്‍ കരസ്ഥമാക്കി  അഭിമാനത്തോടെ ബോര്‍ഡില്‍ ഇടം നേടി.

വിജയികള്‍ 
യു.പി.വിഭാഗം      
       1. നന്ദന
       2.  ശ്രീരാഗ്
       3.  സിദ്ധാര്‍ത്ഥ് ഇ.കെ
എല്‍.പി.വിഭാഗം
  1. ആദിത്ത്
  2. ശിവാനി








           

Monday, 13 July 2015

കാര്‍ഷിക - പുരാവസ്തു പ്രദര്‍ശനം

    കാലചക്രത്തിന്റെ തിരിച്ചിലില്‍ നാം എല്ലാ ഉപകരണങ്ങളിലും പുതുക്കലുകള്‍ നടത്തുന്നു. ഇന്നലെയുടെ വിസ്മൃതിയിലാണ്ടുപോയ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തില്‍ കാര്‍ഷിക - പുരാവസ്തു പ്രദര്‍ശനം നടത്തി. പ്രദര്‍ശനത്തിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.









Friday, 10 July 2015

തെരഞ്ഞെടുപ്പുത്സവം സമാപിച്ചു

        സ്കൂള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ തെരഞ്ഞെടുപ്പ് ആവേശകരമായി സമാപിച്ചു. സ്കൂള്‍ ലീഡര്‍, സ്പീക്കര്‍ സ്ഥാനങ്ങളിലേക്ക് നടപടിക്രമങ്ങള്‍ പാലിച്ച് നടത്തിയ തെരഞ്ഞുപ്പില്‍ കുട്ടികള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. പൂര്‍ണമായും കുട്ടികള്‍ തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. 
       വരദ 6 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സ്കൂള്‍ ലീഡറായി തെരഞ്ഞടുക്കപ്പെട്ടു. 22 വോട്ട് നേടിയ സിദ്ധാര്‍ത്ഥ് ഡപ്യൂട്ടി ലീ‍ഡറാകും. 

       26 വോട്ട് നേടി, മത്സരിച്ച അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഒന്നാമതെത്തി സാന്ദ്ര സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. രോഹിത്താണ് ഡപ്യൂട്ടി സ്പീക്കര്‍. 

     പ്രിസൈഡിംഗ് ഓഫീസറായി ഏഴാംതരത്തിലെ ഇര്‍ഷാന പ്രവര്‍ത്തിച്ചു. ബുധനാഴ്ച രാവിലെ 11.30 ന് ആരംഭിച്ച തെരഞ്ഞെടുപ്പ് ഉച്ചക്ക് 1.00 മണിക്ക് പൂര്‍ത്തിയായി. 2.30 ന് വോട്ടെണ്ണല്‍ ആരംഭിച്ചു. 3.00 മണിക്ക് ഫലപ്രഖ്യാപനം നടന്നു. വ്യാഴാഴ്ച ചേര്‍ന്ന അസംബ്ലിയില്‍ വെച്ച് സത്യപ്രതി‍ജ്ഞ ചൊല്ലി  വിജയികള്‍ സ്ഥാനങ്ങള്‍ ഏറ്റെടുത്തു.











മാറുന്ന അസംബ്ലി . .


   അസംബ്ലി പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കുന്നതിനായി പത്രവാര്‍ത്ത, ഡയറി വായന, പുസ്തകാസ്വാദനം തുടങ്ങിയവയ്ക്കൊപ്പം ശാസ്ത്രപരീക്ഷണങ്ങളും സ്ഥാനം പിടിച്ചു തുടങ്ങി.


ബഷീര്‍ അനുസ്മരണം


           മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന വൈക്കം മുഹമ്മദ് ബഷീർ, ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.  (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളാണ് അദ്ദേഹം. നര്‍മ്മമധുരമായ ശൈലിയില്‍ തന്റെ ചുറ്റും കാണുന്ന ജീവിതങ്ങളെ അദ്ദേഹം ചിത്രീകരിച്ചു.



     ചെറിയ കഥകളിലൂടെ വലിയ കാര്യങ്ങള്‍ പറഞ്ഞു തന്ന ബഷീറിന്റെ ചരമദിനത്തോട് അനുബന്ധിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടന്നു. അനുസ്മരണം, ബഷീര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, ഇമ്മിണി ബല്യൊരാള്‍ വീഡിയോ പ്രദര്‍ശനം തുടങ്ങിയവ നടന്നു. ബഷീര്‍ അനുസ്മരണവും വായനാനുഭവങ്ങളും മൊട്ടമ്മല്‍ ഗവ.യു.പി.സ്കൂള്‍ അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ.രവീന്ദ്രന്‍ ചെറുതാഴം നിര്‍വ്വഹിച്ചു. ലിറ്റററി ക്ലബ്ബ് കണ്‍വീനര്‍ സ്രീ.ഷാജി മാസ്റ്റര്‍ സ്വാഗതമാസംസിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ശ്രീ. ചന്ദ്രാംഗദന്‍ മാസ്റ്റര്‍ ചടങ്ങിന് നന്ദി അറിയിച്ചു.