പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Tuesday, 15 September 2015

സപ്തംബര്‍ 16 - ഓസോണ്‍ദിനം


    

    1987 സെപ്തംമ്പര്‍ 16 നാണ് ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങള്‍ മോണ്‍ട്രിയയില്‍ ഉടമ്പടി ഒപ്പുവച്ചത്. അതിന്റെ ഓര്‍മ്മക്കായി 1988 മുതല്‍ സപ്തംബര്‍ 16 ഓസോണ്‍ദിനമായി ലോകമെങ്ങും ആചരിക്കുന്നു മോണ്‍ട്രിയല്‍ ഉടമ്പടിയുടെ 25 ാം വാര്‍ഷികം കൂടിയാണ് നാമിന്ന് ആഘോഷിക്കുന്നത്.
         എന്താണ് ഓസോണ്‍?
     ഓക്സിജന്റെ മൂന്ന് ആറ്റങ്ങള്‍ ചേര്‍ന്ന രൂപത്തെയാണ് ഓസോണ്‍ എന്ന് വിളിക്കുന്നത്. സാധാരണ ഓക്സിജന്‍ ആറ്റങ്ങള്‍ രണ്ടെണ്ണ് ചേര്‍ന്ന രൂപത്തിലാണ് (ദ്വയാറ്റോമിക) കാണപ്പെടുക. തീര്‍ത്തും അസ്ഥിരമാണ് ഓസോണിന്റെ ഘടന രൂക്ഷഗന്ധവും അപകടകരാമാംവിധം വിഷവുമുള്ള വാതകമാണ് ഓസോണ്‍. മണക്കുന്നത് എന്നര്‍ത്ഥം വരുന്ന ഓസീന്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഓസോണ്‍ എന്ന പേരുണ്ടായത്.

     ഓസോണ്‍ വാതകം കൂടുതലായി കാണുന്നത് ഭൂപ്രതലത്തില്‍ നിന്ന് ഏകദേശം 20 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരെയുള്ള സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ് സൂര്യ രശ്മിയിലെ ദോഷകാരികളായ അള്‍ട്രാ വയലറ്റ് കിരണങ്ങളെ (UV -ബി) അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഒരു പുതപ്പായി ഓസോണ്‍ പാളികളെ വിശേഷിപ്പിക്കാം.
       ഈ പുതപ്പിന്  ക്ഷതമേല്‍പിക്കുന്നത് കൊടിയ വിപത്തുകള്‍ക്കു വഴിവയ്ക്കും. നിത്യഹരിത ഭൂമിയെ പാടേ ഊഷരമാക്കുവോളം അപകടകാരികളാണ് അള്‍ട്രാ വയലറ്റ് കിരണങ്ങള്‍. ഭൂമിയുടെ ചൂട് കൂടുന്നതുകൂടാതെ മാരകമായ ത്വക്ക് കാന്‍സര്‍ ഉണ്ടാകുന്നതിനും ഓസോണ്‍ ശോഷണം കാരണമാവും.ഓസോന്‍ പാളികള്‍ നശിച്ചാല്‍ അത് ഭൂമിയില്‍ മാനവരാശിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാവും. ഓസോണിനെ സംരക്ഷിക്കാന്‍ എല്ലവരും പ്രതിജ്ഞാബദ്ധരായേ മതിയവൂ എന്ന് ഐക്യരാഷ്ട്രസഭ ഓര്‍മ്മിപ്പിക്കുന്നു.
     1985 മേയില്‍ പുറത്തിറക്കിയ നേച്ചര്‍ എന്ന ഗവേഷണ ജേണലിലാണ്‌ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്‌. അന്റാര്‍ട്ടിക്‌ മേഖലയിലാണ്‌ ഓസോണ്‍ കവചത്തിലെ വിള്ളല്‍ ആദ്യം നിരീക്ഷിക്കപ്പെട്ടത്‌. ബ്രിട്ടീഷ്‌ അന്റാര്‍ട്ടിക്‌ സര്‍വേയിലെ ശാസ്‌ത്രജ്ഞരായ ജോയ്‌ ഫാര്‍മാന്‍, ബ്രിയാന്‍ ഗാര്‍ഡിനെര്‍, ജോനാതന്‍ ഷാങ്‌ക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ അതു കണ്ടെത്തിയത്‌. വിള്ളല്‍ എന്ന് പറയുന്നത് പാളിയിലെ ശോഷണം മാത്രമാണ്.
    ഓസോണ്‍ പ്രതലത്തിന് ക്ഷതമേല്‍പ്പിക്കുന്നവയാണ് ക്ളോറോഫ്ളൂറോ കാര്‍ബണുകളും, ലാഫിങ്ങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡുമൊക്കെ ഗ്യാസുമൊക്കെ. സാധാരണ നാം വീട്ടില്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ്, അഗ്നിശമന യന്ത്രങ്ങള്‍, എയ്റോസോള്‍ സ്പ്രേകള്‍ എന്നിവയില്‍ നിന്നും ഓസോണ്‍ നാശക രാസവസ്തുക്കള്‍ അന്തരീക്ഷത്തില്‍ എത്തുന്നു. ആഗോളതാപനത്തിന് കാരണമാവുന്ന കാര്‍ബണ്‍ഡയോക്സൈഡ് ഓസോണ്‍ ശോഷണത്തെ ത്വരിതപ്പെടുത്തുന്നു.
     നമുക്കെന്തു ചെയ്യാം ?
   ഒന്നാമതായി ഭൂമിയെ പച്ചപുതപ്പിക്കുക. കൂടുതല്‍ മരങ്ങള്‍ നാട്ടു പിടിപ്പിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് കുറക്കാന്‍ സാധിക്കും. രണ്ടാമതായി ഫോസ്സില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, പൊതു യാത്രാവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
   ഓര്‍ക്കുക, ഈ ഭൂമി വരും തലമുറക്കും കൂടിയുള്ളതാണ്… അതിനാല്‍ ഭൂമിയെ സംരക്ഷിക്കാന്‍ നമുക്ക് കൈകള്‍ കോര്‍ക്കാം...

No comments:

Post a Comment