പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Thursday, 31 December 2015

പുതുവത്സരാശംസകള്‍




കലണ്ടര്‍ മറിയുമ്പോള്‍ .. . 
 
   സാമൂഹിക, സാമ്പത്തിക, മതപര, ഭരണ ആവശ്യങ്ങൾക്കായി ഒരു നിശ്ചിതകാലയളവിലെ ദിവസങ്ങളെ അവയുടെ ആവർത്തനപ്രത്യേകതകളോടെ ക്രമീകരിച്ച് മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സം‌വിധാനമാണ് കലണ്ടർ. ഈ ക്രമീകരണം നടത്തുന്നത് ഒരു നിശ്ചിത അളവ് സമയത്തിന് ദിവസം എന്നും, അതിന്റെ വിവിധ ഗുണിതങൾക്ക് ആഴ്ച, മാസം, വർഷം എന്നിങ്ങനെ പേരുകൾ നൽകിയുമാണ്. ജ്യോതിശാസ്ത്രമാണ് കലഗണനയുടെ ആധാരം. കണക്കു കൂട്ടുക എന്നർത്ഥം വരുന്ന കലൻഡേ എന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന പദമുണ്ടായത്.ഭൂമിശാസ്ത്രപരവും കാലാവസ്ഥാസം‌ബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടർ സം‌വിധാനങ്ങൾക്ക് അടിസ്ഥാനം.നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാർ ഒരു കലണ്ടറിനു രൂപം നൽകിയിരുന്നു. പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു വന്നു. ബി.സി45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു.

കൊല്ലത്തു പിറന്ന കൊല്ലവര്‍ഷം

     മലയാളികളുടെ മാത്രമായ കലണ്ടറാണ് കൊല്ലവര്‍ഷം. സൂര്യനെ ആശ്രയിച്ച് ചിട്ടപ്പെടുത്തിയ കൊല്ലവര്‍ഷ കലണ്ടര്‍ ഉണ്ടായത് ക്രിസ്തുവര്‍ഷം 825ലാണ്. ഒരേ അര്‍ഥമാണ് കൊല്ലവും വര്‍ഷവും. അപ്പോള്‍ കൊല്ലവര്‍ഷം എന്ന പേരു വന്നതെങ്ങനെയെന്നല്ലേ? കേരളത്തില്‍ കൊല്ലത്താണ് മലയാള കലണ്ടര്‍ ഉണ്ടാക്കുന്നതിനായി ജ്യോതിഷികളുടെ സമ്മേളനം നടന്നത്. കൊല്ലത്തു പിറന്ന കലണ്ടറായതുകൊണ്ട് അത് കൊല്ലവര്‍ഷം കലണ്ടറായി. വേണാട് രാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ എ.ഡി 825 ഒക്ടോബര്‍ 25നാണ് മലയാള കലണ്ടര്‍ പിറന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. കൊല്ലവര്‍ഷം നിലവില്‍വരുന്നതിനുമുമ്പ് മലയാളികള്‍ കലിവര്‍ഷമാണ് കാലഗണനക്കായി ഉപയോഗിച്ചിരുന്നത്. ബി.സി 3012ലാണ് കലിവര്‍ഷം ആരംഭിച്ചത്.

    ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങള്‍ സൗരവര്‍ഷത്തെയും ചന്ദ്രമാസത്തെയും ഉപയോഗിച്ച് കാലനിര്‍ണയം നടത്തിയപ്പോള്‍ മലയാളത്തില്‍ സൗര വര്‍ഷത്തെയും സൗരമാസത്തെയും ഉപയോഗിച്ച് കലണ്ടര്‍ തയാറാക്കി. ഇതാണ് കൊല്ലവര്‍ഷം കലണ്ടര്‍ അഥവാ മലയാളം കലണ്ടര്‍. കൊല്ലവര്‍ഷത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ രേഖ എ.ഡി 973, കൊല്ലവര്‍ഷം 149ലെ ശ്രീവല്ലഭന്‍ കൊത്തയുടെ മാമ്പിള്ളി ശാസനങ്ങളാണ്. അതിനുശേഷമാണ് കൊല്ലവര്‍ഷം കലണ്ടറിന് മലയാളനാട്ടില്‍ പ്രചാരമുണ്ടായത്. മേടം ഒന്നിന് കൊല്ലവര്‍ഷം ആരംഭിക്കുന്നു. അതിനെ ആണ്ടുപിറവി എന്നാണ് പറയുന്നത്. എന്നാല്‍, ചിങ്ങം മുതലാണ് മാസങ്ങള്‍ മലയാളം കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു കൊല്ലവര്‍ഷത്തില്‍ 12 മാസങ്ങള്‍, 27 നക്ഷത്രങ്ങള്‍, 14 ഞാറ്റുവേല, 30 തിഥികള്‍, രണ്ടു പക്ഷങ്ങള്‍ എന്നിവ ഉള്‍പെടുന്നു.

മറ്റു കലണ്ടറുകൾ

ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ച ശക കലണ്ടർ, മുസ്ലീം മതാനുയായികൾ അംഗീകരിച്ച ഹിജറ കലണ്ടർ, ചൈനീസ് കലണ്ടർ, തുടങ്ങി നിരവധി കലണ്ടറുകൾ ലോകമെമ്പാടുമായി പ്രചാരത്തിലുണ്ട്.


    കലണ്ടര്‍ ഏതായാലും പുതിയ വര്‍ഷം നമ്മെ നല്ല മനുഷ്യരാകാന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കാം..

Friday, 18 December 2015

പി.ടി.എ ജനറല്‍ബോഡി

     ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ജനറല്‍ബോഡി യോഗം ചേര്‍ന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ റസാഖ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ മത്സരപരിപാടികളില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികളെ വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാരദ അനുമോദിച്ചു. വിദ്യാരംഗം സര്‍ഗോത്സവം, മെട്രിക് മേള, വിംഗ്സ്, മാത്സ് മാപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ധാരണയായി. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു.






ക്രിസ്തുമസ് ആഘോഷം


   
     നസ്രത്തില്‍ ജോസഫിന്റേയും മറിയയുടെയും പുത്രനായി ജനിച്ച യേശു, ദൈവപുത്രനായി വിശ്വസിക്കപ്പെടുന്നു. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച അദ്ദേഹത്തെ പുരോഹിത- അധികാര വര്‍ഗം കുറ്റവിചാരണ പ്രഹസനം നടത്തി കുരിശുമരണത്തിന് വിധേയമാക്കി. ലോകത്തിന്റെ രക്ഷക്കായി അദ്ദേഹം കുരിശുമരണം വരിച്ചുവെങ്കിലും മൂന്നാം നാള്‍ ഉയര്‍ത്തെണീറ്റതായി വിശ്വാസികള്‍ കരുതുന്നു. എല്ലാ ജനങ്ങളേയും അവരുടെ പദവി പരിഗണിക്കാതെ സ്നേഹിക്കാനാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. ഒരു സമൂഹത്തെ നേര്‍വഴിക്ക് നയിക്കാനായി തന്റെ ജീവിതം മാറ്റിവെച്ച യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചമായി കരുതപ്പെടുന്നു. അദ്ദേഹം പ്രത്യേക മതമൊന്നും രൂപീകരിച്ചില്ല. അദ്ദേഹത്തിന്റെ ആശയഗതികള്‍ പിന്തുര്‍ന്നവരാണ് ക്രിസ്തുമതം സ്ഥാപിച്ചത്. ആ മനുഷ്യസ്നേഹിയുടെ ജന്മദിനം - തിരുപ്പിറവി ഡിസംബര്‍ 25 ന് ക്രിസ്തുമസായി ലോകമെങ്ങും ആഘോഷിക്കുന്നു
 
  വിദ്യാലയത്തിലും ക്രിസ്തുമസ് ആഘോഷിച്ചു. അസംബ്ലി ചേര്‍ന്ന് യേശുക്രിസ്തുവിനെക്കുറിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ മാസ്റ്റര്‍ കേക്ക് മുറിച്ചു സ്കൂള്‍ പ്രവൃത്തിപരിചയ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്തുമസ് നക്ഷത്ര നിര്‍മ്മാണത്തിന് കണ്‍വീനര്‍ ശ്രീമതി ടീച്ചര്‍ നേതൃത്വം നല്‍കി. പുല്‍ക്കൂട് ഒരുക്കല്‍ തുടങ്ങിയവയും നടന്നു.


 

Wednesday, 9 December 2015



ശതാബ്ദി ആഘോഷം 2016 ഫെബ്രവരി 28 ന് സമാപിക്കുന്നു.





Wednesday, 2 December 2015

വ്യത്യസ്ത കഴിവുളളവരും നമ്മളോ‍ടൊപ്പം

    ഐക്യരാഷ്ട്രസഭ 1992 മുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു ദിനാചരണമാണ് അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം (International Day of People with Disability). ലോക വികലാംഗ ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്. എല്ലാ വർഷവും ഡിസംബർ മൂന്നിന് ലോകമെമ്പാടും വിവിധ തലങ്ങളിൽ വിജയകരമായി ഈ ദിനാചരണം ആഘോഷിക്കപ്പെടുന്നു

  1976 ൽ ഐക്യരാഷ്ട്ര സഭ 1981 അന്താരാഷ്ട്ര വികലാംഗ വർഷമായി പ്രഖ്യാപിച്ചു. 1983-1992 അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിച്ചു. 1992മുതലാണ് ഡിസംബർ 3 അവശതയുള്ള ജനങ്ങളുടെ ദിവസമായി ആചരിക്കുവാൻ തുടങ്ങിയത്.

   അവശതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവശതയുള്ളവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട സഹായം സ്വരൂപിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിൽ അവർക്ക് ഉണ്ടാകേണ്ട നേട്ടങ്ങൾ ഏകോപിപ്പിച്ച് അവയെക്കുറിച്ച് അവബോധമുണ്ടാക്കുവാനും പ്രത്യാശിക്കുന്നു. അവശതയുള്ളവരുടെ അന്താരാഷ്ട്ര ദിനം (International Day of Disabled Persons ) എന്നായിരുന്നു ഈ ദിനം നേരത്തെ അറിയപ്പെട്ടിരുന്നത്. ഓരോ വർഷവും ഓരോ പ്രത്യേക വിഷയം ആയിരിക്കും ദിനാചരണത്തിനായി നിർദേശിക്കപ്പെടുന്നത്.  ഈ വര്‍ഷത്തെ സന്ദേശം താഴെ കൊടുക്കുന്നു.
Inclusion matters: access and empowerment of people of all abilities

ശരീരം തളർത്താത്ത മനസ്സുമായി ജീവിക്കുന്നവര്‍ക്കൊപ്പം ഞങ്ങളുമുണ്ട്




Friday, 13 November 2015

ശിശുദിനം




     ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം- നവംബര്‍ പതിനാല് ഇന്ത്യയില്‍ ശിശുദിനമായി നാം ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത് നവംബർ 20 നാണ് . കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം. വിരിയുന്ന ഓരോ പൂവിന്നും, പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ ശിശുദിനത്തിന്നും മഹത്തായ സന്ദേശമുണ്ട്. ആ സന്ദേശം കുഞ്ഞുങ്ങളുടെ ജീവിതത്തിലെ മയില്‍പ്പിലിത്തണ്ടുകളായും മഴവില്ലായും മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനായി പ്രയത്നിക്കാം
                                
   കാശ്മീരില്‍നിന്ന് അലഹബാദില്‍ കുടിയേറിയ സമ്പന്ന കുടുംബത്തിലാണ് ജവഹര്‍ലാല്‍ ജനിക്കുന്നത്. 1889 നവംബര്‍ 14ന്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുക്കുകയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ വിപ്ലവകാരികള്‍ക്കൊപ്പം നിലകൊള്ളുകയുംചെയ്ത മോത്തിലാല്‍ നെഹ്‌റു പിതാവ്. അമ്മ സ്വരൂപ് റാണി. 'ജവഹര്‍' എന്നാല്‍ രത്‌നം എന്നാണര്‍ഥം. 'ലാല്‍' ചുവപ്പും. ആ പേര് തനിക്ക് ഏറ്റവും യോജിച്ചതായിരുന്നുവെന്ന് അദ്ദേഹം ജീവിതം കൊണ്ടു തെളിയിച്ചു. പൂക്കളോടും ചെടികളോടും കിളികളോടും കിന്നാരം പറഞ്ഞാണ് ജവഹര്‍ വളര്‍ന്നത്. അവന് കളിക്കൂട്ടുകാരുണ്ടായിരുന്നില്ല. സ്‌കൂളിലയയ്ക്കാതെ വീട്ടിലിരുത്തിയായിരുന്നുപഠനം. യൂറോപ്യരായ അധ്യാപകര്‍ പഠിപ്പിക്കാന്‍ വീട്ടിലെത്തും. അച്ഛന്റെ ഗുമസ്തന്‍ മുന്‍ഷി മുബാറക് അലിയായിരുന്നു ജവഹറിന്റെ കൂട്ട്. അറബിക്കഥകളും നാടോടിക്കഥകളും പുരാണകഥകളും ചരിത്രകഥകളും സാഹസികകഥകളുമെല്ലാം ആ മുത്തച്ഛന്‍ പറഞ്ഞുകൊടുക്കും.

   1900ലാണ് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ ജനനം. 1907ല്‍ കൃഷ്ണാ ഹതീസിങ്ങും ജനിച്ചു. ഫെര്‍ഡിനാന്റ് ടി ബ്രൂക്‌സ് എന്ന ഐറിഷ് അധ്യാപകന്‍ ട്യൂഷന്‍മാസ്റ്ററായെത്തുന്നത് ജവഹറിനു 11 വയസ്സുള്ളപ്പോഴാണ്. അദ്ദേഹം ജവഹറില്‍ തത്വശാസ്ത്രത്തിന്റെയും ശാസ്ത്രബോധത്തിന്റെയും വിത്തുപാകി. ജവഹറിനു മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി മോത്തിലാല്‍ കുടുംബം 1905ല്‍ ലണ്ടനിലെത്തി. പ്രശസ്തമായ 'ഹാരോ പബ്ലിക് സ്‌കൂളി'ലായിരുന്നു പഠനം. രണ്ടു വര്‍ഷം കഴിഞ്ഞ് 'കേംബ്രിഡ്ജ് ട്രിനിറ്റി കോളജി'ല്‍ ചേര്‍ന്നു. മൂന്നു വര്‍ഷം കഴിഞ്ഞ് ഓണേഴ്‌സ് ബിരുദം നേടിയ ശേഷം 'ഇന്നര്‍ ടെമ്പിളി'ല്‍ ബാരിസ്റ്റര്‍ ബിരുദത്തിനു ചേര്‍ന്നു.' '1912ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ജവഹര്‍ലാല്‍ അച്ഛനോടൊപ്പം അലഹബാദ് ഹൈക്കോടതി വക്കീലായി പ്രാക്ടീസ് തുടങ്ങി. അതോടൊപ്പം ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തനവും തുടങ്ങി.ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ആദ്യമായി നെഹ്‌റു തെരഞ്ഞെടുക്കപ്പെടുന്നത് 1923ലാണ്. 1927ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സെകട്ടറിയായി അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇതിനകം തികഞ്ഞ സോഷ്യലിസ്റ്റ് ആശയക്കാരനായി മാറിക്കഴിഞ്ഞ അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ നേതാവുമായി. 1927ല്‍ യൂറോപ്പില്‍ ബാസലില്‍ വെച്ച് 'മര്‍ദ്ദിതജനങ്ങളുടെ മഹാജനസഭ' എന്ന പേരില്‍ നടന്ന സാമ്രാജ്യത്വവിരുദ്ധ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. 1929ല്‍ അഖിലേന്ത്യാ തൊഴിലാളി മഹാജന സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അതേ വര്‍ഷം ലാഹോറില്‍ നടന്ന സമ്മേളനത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെയും അധ്യക്ഷപദം ഏറ്റെടുത്തു

    '1921 മുതല്‍ 1945 വരെ പല പ്രക്ഷോഭങ്ങളുടെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്‌റു ഒമ്പതു വര്‍ഷത്തോളം തടവറയ്ക്കുള്ളിലായിരുന്നു. ഇക്കാലഘട്ടം പക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമാണ്. 1932 മുതല്‍ 1935 വരെയുള്ള വര്‍ഷങ്ങളില്‍ വളരെ കുറച്ചു നാള്‍ മാത്രമേ അദ്ദേഹം ജയിലിനു പുറത്തുണ്ടായിരുന്നുള്ളൂ. 1930 നവംബര്‍ 19ന് ഇന്ദിരാ പ്രിയദര്‍ശിനിയുടെ 13ാം ജന്മദിനത്തിന് പിറന്നാള്‍ സന്ദേശമായി നെഹ്‌റു ജയിലില്‍നിന്നയച്ച കത്താണ് പ്രസിദ്ധമായ 'അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' എന്ന കൃതിക്കു തുടക്കമായത്. 1933 വരെ കാലത്ത് നെഹ്‌റു ഇന്ദിരക്കയച്ച 196 കത്തുകളാണ് ഈ കൃതിയില്‍ ശേഖരിച്ചത്. തന്റെ ജീവിത വീക്ഷണങ്ങള്‍ സരളമായി പ്രസ്താവിക്കാന്‍ ഈ കൃതികളിലൂടെ അദ്ദേഹത്തിനുസാധിച്ചു.ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ കൃതികളാണ് നെഹ്‌റുവിന്റേത്

    '1937ല്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി നെഹ്‌റു ഇന്ത്യയാകെ സഞ്ചരിച്ചു. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭകളില്‍ മുസ്ലിംലീഗിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഒക്ടോബറില്‍ സമ്മര്‍ദത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ ലീഗിനെ ഉള്‍പ്പെടുത്തിയെങ്കിലും ഡിസംബറോടെ നെഹ്‌റു ലീഗ് ബന്ധം ഉപേക്ഷിച്ചു. ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ടതോടെ ഗാന്ധിജിക്കും മറ്റുമൊപ്പം നെഹ്‌റു ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കി. 1946ല്‍ ഐഎന്‍എ നേതാക്കള്‍ക്കു വേണ്ടി അദ്ദേഹം കോടതിയില്‍ വാദിച്ചു. 1946 സെപ്തംബര്‍ രണ്ടിന് നിലവില്‍ വന്ന ഇടക്കാല ഗവണ്‍മെന്റിന്റെ ഉപാധ്യക്ഷന്‍ നെഹ്‌റുവായിരുന്നു. രണ്ടാം ലോക മഹായുദ്ധം തുടങ്ങിയപ്പോള്‍ ഇന്ത്യ ബ്രിട്ടനെ സഹായിക്കണമെന്ന അഭിപ്രായമായിരുന്നു നെഹ്‌റുവിന്. യുദ്ധാനന്തരം 1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രയായപ്പോള്‍ അദ്ദേഹം രാഷ്ട്രത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.

  ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായ ശേഷമുള്ള കഥയാണ്. ഒരു ദിവസം പ്രായമുള്ള ഒരു സ്ത്രീ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. 'എന്തുവേണം?' പാറാവുകാരന്‍ ചോദിച്ചു. 'നെഹ്‌റുജിയെ കാണണം.' അവര്‍ പറഞ്ഞു. പക്ഷേ, പട്ടാളക്കാര്‍ അവരെ തടഞ്ഞു. ആ സാധു സ്ത്രീ പോകാതെ അവിടെത്തന്നെ നിന്നു. അവരുടെ കൈയില്‍ ഒരു ചുവന്ന റോസാപ്പൂവുണ്ടായിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ നെഹ്‌റു കാറില്‍ പുറത്തേക്കു പോയി. അദ്ദേഹം ആ സ്ത്രീയെ കണ്ടതേയില്ല. പിറ്റേന്നും സ്ത്രീ പൂവുമായി ഗേറ്റിനു മുമ്പിലെത്തി. സെക്യൂരിറ്റിക്കാര്‍ അവരെ വിട്ടില്ല. ഇങ്ങനെ ദിവസങ്ങള്‍ തുടര്‍ന്നു. ഒരു ദിവസം മട്ടുപ്പാവില്‍ നിന്ന നെഹ്‌റു ഗേറ്റിലെ ബഹളം കണ്ടു. ആ സ്ത്രീയെ അകത്തേക്കു കടത്തിവിടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നിറമിഴികളോടെ, വിടര്‍ന്ന ചിരിയോടെ അവര്‍ ചാച്ചാജിക്കരികിലെത്തി. 'എന്തുവേണം?' അദ്ദേഹം നിറപുഞ്ചിരിയോടെ ചോദിച്ചു. 'അങ്ങേയ്ക്ക് ഈ സമ്മാനം തരാനാണ്.' അവര്‍ ചുവന്ന പനീര്‍പ്പൂ അദ്ദേഹത്തിനുനേരെ നീട്ടി. വിനയപൂര്‍വം കുനിഞ്ഞ് അദ്ദേഹമതു വാങ്ങി. എന്നിട്ട് തന്റെ കോട്ടിന്റെ ബട്ടണ്‍ ഹോളില്‍ കടത്തി പിടിപ്പിച്ചു. അപ്പോള്‍ ആ സാധു സ്ത്രീക്കുണ്ടായ സന്തോഷം... ആ സമ്മാനം ചാച്ചാജിയുടെ ജീവിതത്തെ സ്വാധീനിച്ചു. അദ്ദേഹം പൂക്കളെ സ്‌നേഹിക്കാന്‍ തുടങ്ങി. എന്നും വസ്ത്രത്തില്‍ ചുവന്ന പനിനീര്‍പ്പൂ ധരിക്കാനും തുടങ്ങി. ഇപ്പോള്‍ 'റോസാപ്പൂവില്ലാതെ എന്തു നെഹ്‌റു

   '1954 ജൂണ്‍ 21ല്‍ ചാച്ചാജി എഴുതി: 'എന്റെ ചിതാഭസ്മത്തില്‍നിന്ന് ഒരുപിടി ഗംഗയില്‍ ഒഴുക്കണം. അത് ഇന്ത്യയുടെ കരകളെ തഴുകി നില്‍ക്കുന്ന മഹാസമുദ്രത്തില്‍ ചെന്നുചേരണം. ചിതാഭസ്മത്തിന്റെ ബാക്കിഭാഗം ഒരു വിമാനത്തില്‍ നിന്ന് കര്‍ഷകര്‍ ഉഴുതുമറിക്കുന്ന ഇന്ത്യയിലെ വയലേലകളില്‍ വിതറണം. അങ്ങനെ അത് ഇന്ത്യയിലെ മണ്ണിലും പൊടിയിലും ലയിച്ചു ചേരട്ടെ.' 'രാഷ്ട്ര തന്ത്രജ്ഞന്‍ , തത്വജ്ഞാനി, എഴുത്തുകാരന്‍ , ചരിത്രകാരന്‍ , പ്രഗത്ഭനായ ഭരണാധികാരി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അങ്ങനെ, അക്ഷരാര്‍ഥത്തില്‍ ജവഹര്‍ലാല്‍ ഇന്ത്യയുടെ ചുവന്ന രത്‌നമായി.'

    നാം ചാച്ച നെഹ്‌റുവിനെ ഓര്‍ക്കുമ്പോഴും ഇക്കാലയളവില്‍ ഇന്ത്യയിലെ കുട്ടികള്‍ അഭിമുഖികരിക്കുന്ന പ്രശ്‌നങള്‍ നിരവധിയാണ്. ബാലവേല കൊണ്ടുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍, പോഷകാഹാരങ്ങളുടെ കുറവ്, സുരക്ഷിതത്വമില്ലായ്മ, വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത ഇങ്ങിനെ നീണ്ടുപോകുന്നു ആ പട്ടിക. മാത്രമല്ല ഇന്ന് കുട്ടികള്‍ക്കുനേരെയുള്ള ലൈഗിക പീഡനങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്‍ കൂടാതെ തീവ്രവാദികളും കുട്ടികളെ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു.. ശിശുദിനം അര്‍ഥപൂര്‍ണ്ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികുവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയണം. അതിനായി ഈ ശിശുദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.


Tuesday, 10 November 2015

ദീപാവലി- ദീപങ്ങളുടെ ഉത്സവം


    
    തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു.  എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കുന്നുണ്ട്.
      ദീപാവലി ആഘോഷത്തിന് പിരകില്‍ ധാരാളം ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. മഹാവിഷ്ണ ഭൂമി പുത്രനായ നരകാസുരനെ വധിച്ച് ലോകത്തിന് നന്മ വരുത്തിയ ദിവസമാണ് ദീപാവലി എന്നും രാവണ നിഗ്രഹത്തിന ശേഷം പത്നീസമേതനായി ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയ ദിവസമാണിതെന്നും ഐതിഹ്യമുണ്ട്.  ജൈനമതക്കാര്‍ ദീപാവലിയെ കാണുന്നത് ജൈനമത സ്ഥാപകനായ വര്‍ദ്ധമാന മഹാവീരന്‍ സ്വശരീരം ഉപേക്ഷിച്ച ദിവസമായിട്ടാണ്. അദ്ദേഹത്തില്‍ നിന്നും അറിവിന്റെ പ്രകാശം ഉള്‍ക്കൊള്ളുന്നതാണ് ദീപാവലി   എന്നും അവര്‍ കരുതുന്നു.
   ഐതിഹ്യങ്ങളെന്തായാലും ദീപാവലി പ്രകാശത്തിന്റെ ഉത്സവമാണ്. പ്രകാശം ഇരുട്ടിനെ അകറ്റുന്നു. അറിവിന്റെ പ്രകാശം എല്ലാ മനുഷ്യരുടെയും ഉള്ളിലെത്താന്‍ ഈ ദീപാവലി നമ്മെ സഹായിക്കട്ടെ. എല്ലാവര്‍ക്കും ദീപാവലി ദിനാശംസകള്‍ !!!

പിറന്നാള്‍ പുസ്തകം


 നാം പിറന്നാള്‍ ആഘോഷിക്കുന്നത് മിക്കവാറും മധുരപലഹാരങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ പങ്ക് വെച്ച് കൊണ്ടായിരിക്കും. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാവുകയായിരുന്നു അഥര്‍വ്വ. തന്റെ പതിനൊന്നാം പിറന്നാളിന് എല്ലാ വര്‍ഷവുമെന്ന പോലെ ഈ വര്‍ഷവും പതിവു തെറ്റിക്കാതെ സ്കൂള്‍ ലൈബ്രറിയിലേക്ക് വിലപ്പെട്ട രണ്ട് പുസ്തകങ്ങള്‍ നല്‍കിയാണ് അഥര്‍വ്വ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. സ്കൂള്‍ ലീഡര്‍ വരദ പുസ്തകം സ്വീകരിച്ചു. 
കൂട്ടുകാര്‍ക്ക് മാതൃകയായ അഥര്‍വ്വക്ക് എല്ലാവിധ പിറന്നാള്‍ ആശംസകളും നേരുന്നു.

Thursday, 22 October 2015

നവരാത്രി ആശംസകള്‍



      ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ദുർഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമക്കായാണ് ഇത് ആഘോഷിക്കുന്നത്. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. നവരാത്രിയുടെ അവസാന ദിനമാണ് വിജയദശമി.

     അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ വധിച്ച ദിവസമാണു വിജയദശമി എന്നാണ് വിശ്വാസം. കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ചടങ്ങായ വിദ്യാരംഭം, കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് നടത്തുന്നത്.
     
എല്ലാവര്‍ക്കും ദീപങ്ങളുടെ ഉത്സവമായ നവരാത്രിദിന ആശംസകള്‍
അക്ഷരലോകത്തേക്ക് കടന്നുവരുന്ന എല്ലാ കുരുന്നുകള്‍ക്കും വിജയദശമി ദിന ആശംസകള്‍

Monday, 12 October 2015

സ്കൂള്‍ കലോത്സവം


സ്കൂള്‍ ബാലസഭയുടെ തുടര്‍ച്ചയായി സ്കൂള്‍ തല കലോത്സവം സംഘടിപ്പിച്ചു. എല്ലാ കുട്ടികള്‍ക്കും സ്റ്റേജ് അനുഭവം നല്കുുക എന്ന ലക്ഷ്യം സാധിച്ചു. കുട്ടികള്‍ എല്ലാവരും വവിധ പരിപാടികളില്‍ പങ്കെടുത്തു. കവിതാലാപനം മലയാളം ഇംഗ്ലീഷ്, ഹിന്ദി, ലളിതഗാനം, നാടന്‍ പാട്ട്, മാപ്പിളപ്പാട്ട്, അറബിഗാനങ്ങള്‍, സംഘഗാനങ്ങള്‍, സിനിമാഗാനങ്ങള്‍, സ്കിറ്റുകള്‍, ഏകാഭിനയം, മിമിക്രി തുടങ്ങിയ അവതരണങ്ങള്‍ ഏറെ ആസ്വാദ്യകരമായിരുന്നു










 

ഗാന്ധിജയന്തി

 

        
      ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയുടെ 147 ാമത് ജന്മദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. ഗാന്ധിജി അനുസ്മരണം, പതിപ്പ് നിര്‍മ്മാണം, ഗാന്ധി സിനിമ, വീഡിയോ പ്രദര്‍ശനങ്ങള്‍, ഗാന്ധി ക്വിസ്, പരിസര ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കെടുത്തു.


പ്രവൃത്തി പരിചയ മേള


    പുതിയ പാഠ്യപദ്ധതിയില്‍ പ്രവൃത്തി പരിചയ പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രവൃത്തി പരിയ മേളകളുടെ പ്രാധാന്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. സ്കൂള്‍ തല പ്രവൃത്തിപരിചയ മേള ഒക്ടോബര്‍ 1 ന് വിദ്യാലയത്തില്‍ നടന്നു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. ഓലകള്‍ കൊണ്ടും ഉപേക്ഷിച്ച പ്ലാസ്റ്റിക് സാമഗ്രികള്‍കൊണ്ടുമുള്ള നിര്‍മ്മാണങ്ങള്‍ക്കൊപ്പം മരപ്പണി, എംബ്രോയിഡറി, പേപ്പര്‍ ക്രാഫ്റ്റ് തുടങ്ങിയവയും മേളയുടെ ഭാഗമായി ഉണ്ടായിരുന്നു. പ്രവര്‍ത്തിപരിചയ മേള കണ്‍വീനര്‍ ശ്രീമതി ശ്രീമതി ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.








സ്കൂള്‍ കായികമേള


   സ്കൂളിലെ കായികമേള 2015 ഒക്ടോബര്‍ 1 ന് നടത്തി. വിദ്യാലയത്തിന് പ്രത്യേക കളിസ്ഥലമില്ലാതിരുന്നതിനാല്‍ കടപ്പുറത്തുവെച്ചായിരുന്നു മത്സരയിനങ്ങള്‍ സംഘടിപ്പിച്ചത്. പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് കായികമേളയില്‍ പങ്കെടുത്തു

 

ലോക വൃദ്ധദിനം


       അനുഭവസമ്പന്നരായ വൃദ്ധജനങ്ങളുടെ പ്രയാസങ്ങളും പരിമിതികളും തിരിച്ചറിഞ്ഞ് അവരെ കര്‍മ്മോത്സുകരായി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഓരോ വൃദ്ധദിനവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ 1982 ല്‍ വിയന്നയില്‍ വെച്ച് വാര്‍ദ്ധക്യത്തെ സംബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ച് ചര്‍ച്ച നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ തീരുമാനിക്കുകയും ചെയ്തു.
     2015 ലെ ലോകവൃദ്ധദിനം വിദ്യാലയത്തിലും വിപുലമായി നടത്തി. പ്രദേശത്തെ പ്രായമുള്ളവരുമായി സംവദിക്കാനും അവരുടെ അനുഭവങ്ങള്‍ പങ്കിടാനും അവസരമൊരുക്കി. പ്രത്യേക യോഗത്തില്‍ പ്രദേശത്തെ ഏറ്റവും പ്രായമുള്ള അധ്യാപകനായ കുഞ്ഞമ്പു മാസ്റ്ററെ ഹെഡ്മാസ്റ്റര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. മാഷ് തന്റെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്ക് വെച്ചു. കുട്ടികള്‍ ഇന്നനുഭവിക്കുന്ന സൗകര്യങ്ങളുടെ ധാരാളിത്തം മനസ്സിലാക്കാന്‍ പ്രവര്‍ത്തനം സഹായിച്ചു. പ്രായമായവരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ബോധ്യമാകുന്നതായിരുന്നു പ്രവര്‍ത്തനങ്ങള്‍. സ്റ്റാഫ് സിക്രട്ടറി മധുസൂദനന്‍ മാസ്റ്റര്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ നന്ദിയും പറഞ്ഞു.





Wednesday, 30 September 2015

ഹര്‍ഷക്ക് സ്നേഹപൂര്‍വ്വം . . .

  
     വിദ്യാലയത്തിലെ വിഭിന്ന ശേഷിയുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനായ ഹര്‍ഷയുടെ പതിമൂന്നാം പിറന്നാള്‍ കൂട്ടുകാരോടൊപ്പം ആഘോഷിച്ചു. സെറിബ്രല്‍പള്‍സി മൂലം ക്ലാസിലെത്താനാവാത്ത ഹര്‍ഷക്കായി കൂട്ടുകാര്‍ സ്വന്തമായി സ്വരൂപിച്ച തുക ഉപയോഗിച്ച വാങ്ങിയ കേക്കും സമ്മാനങ്ങളും പങ്കുവെച്ചു. കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷത്തിന് തുടക്കമിട്ടത്. ഹര്‍ഷയുടെ വീട്ടുകാര്‍ നിറഞ്ഞ സന്തോഷത്തോടെ കൂട്ടുകാരെ സ്വീകരിച്ചു. അധ്യാപക പ്രതിനിധികളായി ശ്രീ. ഷാജി മാസ്റ്ററും ശ്രീമതി ശോഭന ടീച്ചറും ശ്രീ നിഖിലും പങ്കെടുത്തു. ഹര്‍ഷ ഒറ്റക്കല്ലെന്ന ചിന്തയുണര്‍ത്താന്‍ പ്രവര്‍ത്തനം സഹായിച്ചു. എല്ലാവര്‍ക്കും ഹര്‍ഷയുടെ വക പായസം നല്‍കി.


  
വിദ്യാലയത്തിലെ വിഭിന്ന ശേഷിയുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനായ ഹര്‍ഷയുടെ പതിമൂന്നാം പിറന്നാള്‍ കൂട്ടുകാരോടൊപ്പം ആഘോഷിച്ചു. സെറിബ്രല്‍പള്‍സി മൂലം ക്ലാസിലെത്താനാവാത്ത ഹര്‍ഷക്കായി കൂട്ടുകാര്‍ സ്വന്തമായി സ്വരൂപിച്ച തുക ഉപയോഗിച്ച വാങ്ങിയ കേക്കും സമ്മാനങ്ങളും പങ്കുവെച്ചു. ഹര്‍ഷയുടെ വീട്ടുകാര്‍ നിറഞ്ഞ സന്തോഷത്തോടെ കൂട്ടുകാരെ സ്വീകരിച്ചു. അധ്യാപക പ്രതിനിധികളായി ശ്രീ. ഷാജി മാസ്റ്ററും ശ്രീമതി ശോഭന ടീച്ചറും ശ്രീ നിഖിലും പങ്കെടുത്തു. ഹര്‍ഷ ഒറ്റക്കല്ലെന്ന ചിന്തയുണര്‍ത്താന്‍ പ്രവര്‍ത്തനം സഹായിച്ചു. എല്ലാവര്‍ക്കും ഹര്‍ഷയുടെ വക പായസം നല്‍കി.