പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Friday, 13 November 2015

ശിശുദിനം




     ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം- നവംബര്‍ പതിനാല് ഇന്ത്യയില്‍ ശിശുദിനമായി നാം ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത് നവംബർ 20 നാണ് . കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം. വിരിയുന്ന ഓരോ പൂവിന്നും, പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ ശിശുദിനത്തിന്നും മഹത്തായ സന്ദേശമുണ്ട്. ആ സന്ദേശം കുഞ്ഞുങ്ങളുടെ ജീവിതത്തിലെ മയില്‍പ്പിലിത്തണ്ടുകളായും മഴവില്ലായും മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനായി പ്രയത്നിക്കാം
                                
   കാശ്മീരില്‍നിന്ന് അലഹബാദില്‍ കുടിയേറിയ സമ്പന്ന കുടുംബത്തിലാണ് ജവഹര്‍ലാല്‍ ജനിക്കുന്നത്. 1889 നവംബര്‍ 14ന്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുക്കുകയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ വിപ്ലവകാരികള്‍ക്കൊപ്പം നിലകൊള്ളുകയുംചെയ്ത മോത്തിലാല്‍ നെഹ്‌റു പിതാവ്. അമ്മ സ്വരൂപ് റാണി. 'ജവഹര്‍' എന്നാല്‍ രത്‌നം എന്നാണര്‍ഥം. 'ലാല്‍' ചുവപ്പും. ആ പേര് തനിക്ക് ഏറ്റവും യോജിച്ചതായിരുന്നുവെന്ന് അദ്ദേഹം ജീവിതം കൊണ്ടു തെളിയിച്ചു. പൂക്കളോടും ചെടികളോടും കിളികളോടും കിന്നാരം പറഞ്ഞാണ് ജവഹര്‍ വളര്‍ന്നത്. അവന് കളിക്കൂട്ടുകാരുണ്ടായിരുന്നില്ല. സ്‌കൂളിലയയ്ക്കാതെ വീട്ടിലിരുത്തിയായിരുന്നുപഠനം. യൂറോപ്യരായ അധ്യാപകര്‍ പഠിപ്പിക്കാന്‍ വീട്ടിലെത്തും. അച്ഛന്റെ ഗുമസ്തന്‍ മുന്‍ഷി മുബാറക് അലിയായിരുന്നു ജവഹറിന്റെ കൂട്ട്. അറബിക്കഥകളും നാടോടിക്കഥകളും പുരാണകഥകളും ചരിത്രകഥകളും സാഹസികകഥകളുമെല്ലാം ആ മുത്തച്ഛന്‍ പറഞ്ഞുകൊടുക്കും.

   1900ലാണ് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ ജനനം. 1907ല്‍ കൃഷ്ണാ ഹതീസിങ്ങും ജനിച്ചു. ഫെര്‍ഡിനാന്റ് ടി ബ്രൂക്‌സ് എന്ന ഐറിഷ് അധ്യാപകന്‍ ട്യൂഷന്‍മാസ്റ്ററായെത്തുന്നത് ജവഹറിനു 11 വയസ്സുള്ളപ്പോഴാണ്. അദ്ദേഹം ജവഹറില്‍ തത്വശാസ്ത്രത്തിന്റെയും ശാസ്ത്രബോധത്തിന്റെയും വിത്തുപാകി. ജവഹറിനു മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി മോത്തിലാല്‍ കുടുംബം 1905ല്‍ ലണ്ടനിലെത്തി. പ്രശസ്തമായ 'ഹാരോ പബ്ലിക് സ്‌കൂളി'ലായിരുന്നു പഠനം. രണ്ടു വര്‍ഷം കഴിഞ്ഞ് 'കേംബ്രിഡ്ജ് ട്രിനിറ്റി കോളജി'ല്‍ ചേര്‍ന്നു. മൂന്നു വര്‍ഷം കഴിഞ്ഞ് ഓണേഴ്‌സ് ബിരുദം നേടിയ ശേഷം 'ഇന്നര്‍ ടെമ്പിളി'ല്‍ ബാരിസ്റ്റര്‍ ബിരുദത്തിനു ചേര്‍ന്നു.' '1912ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ജവഹര്‍ലാല്‍ അച്ഛനോടൊപ്പം അലഹബാദ് ഹൈക്കോടതി വക്കീലായി പ്രാക്ടീസ് തുടങ്ങി. അതോടൊപ്പം ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തനവും തുടങ്ങി.ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ആദ്യമായി നെഹ്‌റു തെരഞ്ഞെടുക്കപ്പെടുന്നത് 1923ലാണ്. 1927ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സെകട്ടറിയായി അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇതിനകം തികഞ്ഞ സോഷ്യലിസ്റ്റ് ആശയക്കാരനായി മാറിക്കഴിഞ്ഞ അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ നേതാവുമായി. 1927ല്‍ യൂറോപ്പില്‍ ബാസലില്‍ വെച്ച് 'മര്‍ദ്ദിതജനങ്ങളുടെ മഹാജനസഭ' എന്ന പേരില്‍ നടന്ന സാമ്രാജ്യത്വവിരുദ്ധ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. 1929ല്‍ അഖിലേന്ത്യാ തൊഴിലാളി മഹാജന സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അതേ വര്‍ഷം ലാഹോറില്‍ നടന്ന സമ്മേളനത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെയും അധ്യക്ഷപദം ഏറ്റെടുത്തു

    '1921 മുതല്‍ 1945 വരെ പല പ്രക്ഷോഭങ്ങളുടെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്‌റു ഒമ്പതു വര്‍ഷത്തോളം തടവറയ്ക്കുള്ളിലായിരുന്നു. ഇക്കാലഘട്ടം പക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമാണ്. 1932 മുതല്‍ 1935 വരെയുള്ള വര്‍ഷങ്ങളില്‍ വളരെ കുറച്ചു നാള്‍ മാത്രമേ അദ്ദേഹം ജയിലിനു പുറത്തുണ്ടായിരുന്നുള്ളൂ. 1930 നവംബര്‍ 19ന് ഇന്ദിരാ പ്രിയദര്‍ശിനിയുടെ 13ാം ജന്മദിനത്തിന് പിറന്നാള്‍ സന്ദേശമായി നെഹ്‌റു ജയിലില്‍നിന്നയച്ച കത്താണ് പ്രസിദ്ധമായ 'അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' എന്ന കൃതിക്കു തുടക്കമായത്. 1933 വരെ കാലത്ത് നെഹ്‌റു ഇന്ദിരക്കയച്ച 196 കത്തുകളാണ് ഈ കൃതിയില്‍ ശേഖരിച്ചത്. തന്റെ ജീവിത വീക്ഷണങ്ങള്‍ സരളമായി പ്രസ്താവിക്കാന്‍ ഈ കൃതികളിലൂടെ അദ്ദേഹത്തിനുസാധിച്ചു.ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ കൃതികളാണ് നെഹ്‌റുവിന്റേത്

    '1937ല്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി നെഹ്‌റു ഇന്ത്യയാകെ സഞ്ചരിച്ചു. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭകളില്‍ മുസ്ലിംലീഗിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഒക്ടോബറില്‍ സമ്മര്‍ദത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ ലീഗിനെ ഉള്‍പ്പെടുത്തിയെങ്കിലും ഡിസംബറോടെ നെഹ്‌റു ലീഗ് ബന്ധം ഉപേക്ഷിച്ചു. ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ടതോടെ ഗാന്ധിജിക്കും മറ്റുമൊപ്പം നെഹ്‌റു ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കി. 1946ല്‍ ഐഎന്‍എ നേതാക്കള്‍ക്കു വേണ്ടി അദ്ദേഹം കോടതിയില്‍ വാദിച്ചു. 1946 സെപ്തംബര്‍ രണ്ടിന് നിലവില്‍ വന്ന ഇടക്കാല ഗവണ്‍മെന്റിന്റെ ഉപാധ്യക്ഷന്‍ നെഹ്‌റുവായിരുന്നു. രണ്ടാം ലോക മഹായുദ്ധം തുടങ്ങിയപ്പോള്‍ ഇന്ത്യ ബ്രിട്ടനെ സഹായിക്കണമെന്ന അഭിപ്രായമായിരുന്നു നെഹ്‌റുവിന്. യുദ്ധാനന്തരം 1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രയായപ്പോള്‍ അദ്ദേഹം രാഷ്ട്രത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.

  ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായ ശേഷമുള്ള കഥയാണ്. ഒരു ദിവസം പ്രായമുള്ള ഒരു സ്ത്രീ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. 'എന്തുവേണം?' പാറാവുകാരന്‍ ചോദിച്ചു. 'നെഹ്‌റുജിയെ കാണണം.' അവര്‍ പറഞ്ഞു. പക്ഷേ, പട്ടാളക്കാര്‍ അവരെ തടഞ്ഞു. ആ സാധു സ്ത്രീ പോകാതെ അവിടെത്തന്നെ നിന്നു. അവരുടെ കൈയില്‍ ഒരു ചുവന്ന റോസാപ്പൂവുണ്ടായിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ നെഹ്‌റു കാറില്‍ പുറത്തേക്കു പോയി. അദ്ദേഹം ആ സ്ത്രീയെ കണ്ടതേയില്ല. പിറ്റേന്നും സ്ത്രീ പൂവുമായി ഗേറ്റിനു മുമ്പിലെത്തി. സെക്യൂരിറ്റിക്കാര്‍ അവരെ വിട്ടില്ല. ഇങ്ങനെ ദിവസങ്ങള്‍ തുടര്‍ന്നു. ഒരു ദിവസം മട്ടുപ്പാവില്‍ നിന്ന നെഹ്‌റു ഗേറ്റിലെ ബഹളം കണ്ടു. ആ സ്ത്രീയെ അകത്തേക്കു കടത്തിവിടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നിറമിഴികളോടെ, വിടര്‍ന്ന ചിരിയോടെ അവര്‍ ചാച്ചാജിക്കരികിലെത്തി. 'എന്തുവേണം?' അദ്ദേഹം നിറപുഞ്ചിരിയോടെ ചോദിച്ചു. 'അങ്ങേയ്ക്ക് ഈ സമ്മാനം തരാനാണ്.' അവര്‍ ചുവന്ന പനീര്‍പ്പൂ അദ്ദേഹത്തിനുനേരെ നീട്ടി. വിനയപൂര്‍വം കുനിഞ്ഞ് അദ്ദേഹമതു വാങ്ങി. എന്നിട്ട് തന്റെ കോട്ടിന്റെ ബട്ടണ്‍ ഹോളില്‍ കടത്തി പിടിപ്പിച്ചു. അപ്പോള്‍ ആ സാധു സ്ത്രീക്കുണ്ടായ സന്തോഷം... ആ സമ്മാനം ചാച്ചാജിയുടെ ജീവിതത്തെ സ്വാധീനിച്ചു. അദ്ദേഹം പൂക്കളെ സ്‌നേഹിക്കാന്‍ തുടങ്ങി. എന്നും വസ്ത്രത്തില്‍ ചുവന്ന പനിനീര്‍പ്പൂ ധരിക്കാനും തുടങ്ങി. ഇപ്പോള്‍ 'റോസാപ്പൂവില്ലാതെ എന്തു നെഹ്‌റു

   '1954 ജൂണ്‍ 21ല്‍ ചാച്ചാജി എഴുതി: 'എന്റെ ചിതാഭസ്മത്തില്‍നിന്ന് ഒരുപിടി ഗംഗയില്‍ ഒഴുക്കണം. അത് ഇന്ത്യയുടെ കരകളെ തഴുകി നില്‍ക്കുന്ന മഹാസമുദ്രത്തില്‍ ചെന്നുചേരണം. ചിതാഭസ്മത്തിന്റെ ബാക്കിഭാഗം ഒരു വിമാനത്തില്‍ നിന്ന് കര്‍ഷകര്‍ ഉഴുതുമറിക്കുന്ന ഇന്ത്യയിലെ വയലേലകളില്‍ വിതറണം. അങ്ങനെ അത് ഇന്ത്യയിലെ മണ്ണിലും പൊടിയിലും ലയിച്ചു ചേരട്ടെ.' 'രാഷ്ട്ര തന്ത്രജ്ഞന്‍ , തത്വജ്ഞാനി, എഴുത്തുകാരന്‍ , ചരിത്രകാരന്‍ , പ്രഗത്ഭനായ ഭരണാധികാരി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അങ്ങനെ, അക്ഷരാര്‍ഥത്തില്‍ ജവഹര്‍ലാല്‍ ഇന്ത്യയുടെ ചുവന്ന രത്‌നമായി.'

    നാം ചാച്ച നെഹ്‌റുവിനെ ഓര്‍ക്കുമ്പോഴും ഇക്കാലയളവില്‍ ഇന്ത്യയിലെ കുട്ടികള്‍ അഭിമുഖികരിക്കുന്ന പ്രശ്‌നങള്‍ നിരവധിയാണ്. ബാലവേല കൊണ്ടുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍, പോഷകാഹാരങ്ങളുടെ കുറവ്, സുരക്ഷിതത്വമില്ലായ്മ, വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത ഇങ്ങിനെ നീണ്ടുപോകുന്നു ആ പട്ടിക. മാത്രമല്ല ഇന്ന് കുട്ടികള്‍ക്കുനേരെയുള്ള ലൈഗിക പീഡനങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്‍ കൂടാതെ തീവ്രവാദികളും കുട്ടികളെ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു.. ശിശുദിനം അര്‍ഥപൂര്‍ണ്ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികുവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയണം. അതിനായി ഈ ശിശുദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.


No comments:

Post a Comment