പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Thursday, 31 December 2015

പുതുവത്സരാശംസകള്‍




കലണ്ടര്‍ മറിയുമ്പോള്‍ .. . 
 
   സാമൂഹിക, സാമ്പത്തിക, മതപര, ഭരണ ആവശ്യങ്ങൾക്കായി ഒരു നിശ്ചിതകാലയളവിലെ ദിവസങ്ങളെ അവയുടെ ആവർത്തനപ്രത്യേകതകളോടെ ക്രമീകരിച്ച് മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സം‌വിധാനമാണ് കലണ്ടർ. ഈ ക്രമീകരണം നടത്തുന്നത് ഒരു നിശ്ചിത അളവ് സമയത്തിന് ദിവസം എന്നും, അതിന്റെ വിവിധ ഗുണിതങൾക്ക് ആഴ്ച, മാസം, വർഷം എന്നിങ്ങനെ പേരുകൾ നൽകിയുമാണ്. ജ്യോതിശാസ്ത്രമാണ് കലഗണനയുടെ ആധാരം. കണക്കു കൂട്ടുക എന്നർത്ഥം വരുന്ന കലൻഡേ എന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന പദമുണ്ടായത്.ഭൂമിശാസ്ത്രപരവും കാലാവസ്ഥാസം‌ബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടർ സം‌വിധാനങ്ങൾക്ക് അടിസ്ഥാനം.നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാർ ഒരു കലണ്ടറിനു രൂപം നൽകിയിരുന്നു. പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു വന്നു. ബി.സി45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു.

കൊല്ലത്തു പിറന്ന കൊല്ലവര്‍ഷം

     മലയാളികളുടെ മാത്രമായ കലണ്ടറാണ് കൊല്ലവര്‍ഷം. സൂര്യനെ ആശ്രയിച്ച് ചിട്ടപ്പെടുത്തിയ കൊല്ലവര്‍ഷ കലണ്ടര്‍ ഉണ്ടായത് ക്രിസ്തുവര്‍ഷം 825ലാണ്. ഒരേ അര്‍ഥമാണ് കൊല്ലവും വര്‍ഷവും. അപ്പോള്‍ കൊല്ലവര്‍ഷം എന്ന പേരു വന്നതെങ്ങനെയെന്നല്ലേ? കേരളത്തില്‍ കൊല്ലത്താണ് മലയാള കലണ്ടര്‍ ഉണ്ടാക്കുന്നതിനായി ജ്യോതിഷികളുടെ സമ്മേളനം നടന്നത്. കൊല്ലത്തു പിറന്ന കലണ്ടറായതുകൊണ്ട് അത് കൊല്ലവര്‍ഷം കലണ്ടറായി. വേണാട് രാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ എ.ഡി 825 ഒക്ടോബര്‍ 25നാണ് മലയാള കലണ്ടര്‍ പിറന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. കൊല്ലവര്‍ഷം നിലവില്‍വരുന്നതിനുമുമ്പ് മലയാളികള്‍ കലിവര്‍ഷമാണ് കാലഗണനക്കായി ഉപയോഗിച്ചിരുന്നത്. ബി.സി 3012ലാണ് കലിവര്‍ഷം ആരംഭിച്ചത്.

    ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങള്‍ സൗരവര്‍ഷത്തെയും ചന്ദ്രമാസത്തെയും ഉപയോഗിച്ച് കാലനിര്‍ണയം നടത്തിയപ്പോള്‍ മലയാളത്തില്‍ സൗര വര്‍ഷത്തെയും സൗരമാസത്തെയും ഉപയോഗിച്ച് കലണ്ടര്‍ തയാറാക്കി. ഇതാണ് കൊല്ലവര്‍ഷം കലണ്ടര്‍ അഥവാ മലയാളം കലണ്ടര്‍. കൊല്ലവര്‍ഷത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ രേഖ എ.ഡി 973, കൊല്ലവര്‍ഷം 149ലെ ശ്രീവല്ലഭന്‍ കൊത്തയുടെ മാമ്പിള്ളി ശാസനങ്ങളാണ്. അതിനുശേഷമാണ് കൊല്ലവര്‍ഷം കലണ്ടറിന് മലയാളനാട്ടില്‍ പ്രചാരമുണ്ടായത്. മേടം ഒന്നിന് കൊല്ലവര്‍ഷം ആരംഭിക്കുന്നു. അതിനെ ആണ്ടുപിറവി എന്നാണ് പറയുന്നത്. എന്നാല്‍, ചിങ്ങം മുതലാണ് മാസങ്ങള്‍ മലയാളം കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു കൊല്ലവര്‍ഷത്തില്‍ 12 മാസങ്ങള്‍, 27 നക്ഷത്രങ്ങള്‍, 14 ഞാറ്റുവേല, 30 തിഥികള്‍, രണ്ടു പക്ഷങ്ങള്‍ എന്നിവ ഉള്‍പെടുന്നു.

മറ്റു കലണ്ടറുകൾ

ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ച ശക കലണ്ടർ, മുസ്ലീം മതാനുയായികൾ അംഗീകരിച്ച ഹിജറ കലണ്ടർ, ചൈനീസ് കലണ്ടർ, തുടങ്ങി നിരവധി കലണ്ടറുകൾ ലോകമെമ്പാടുമായി പ്രചാരത്തിലുണ്ട്.


    കലണ്ടര്‍ ഏതായാലും പുതിയ വര്‍ഷം നമ്മെ നല്ല മനുഷ്യരാകാന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കാം..

No comments:

Post a Comment