പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Thursday, 28 July 2016

ഒന്നാം തരം ഒന്നാം തരം

ഒന്നാം തരത്തിലെ ചില കാഴ്ചകളിലേക്ക് . . . .






കണ്ടല്‍ ദിനം

       കല്ലേന്‍ പൊക്കുടനെ അനുസ്മരിച്ചുകൊണ്ട് വിദ്യാലയത്തിലും കണ്ടല്‍ ദിനം ആചരിച്ചു. കവ്വായിക്കായല്‍ അതിരിടുന്ന വിദ്യാലയത്തിന്റെ കിഴക്കന്‍ അതിരില്‍ കണ്ടല്‍ച്ചെടികള്‍ നട്ടാണ് കണ്ടല്‍ ദിനത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്ററ്‍ നിര്‍വ്വഹിച്ചത്. കണ്ടല്‍ സംരക്ഷണ പ്രതിജ്ഞക്കു ശേഷമായിരുന്നു ഉദ്ഘാടനം.





കണ്ടലിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും അസംബ്ലിയില്‍ ചര്‍ച്ച നടന്നു.

കണ്ടലിനെക്കുറിച്ച് ചില അധിക വിവരങ്ങള്‍
കടലിൽ വേലിയേറ്റ വേലിയിറക്ക പ്രദേശത്തും, നദികളുടെ കായൽ കടൽ ചേരുന്ന സ്ഥലത്തും വളരുന്ന പ്രത്യേക സവിശേഷതയുള്ള കാടുകളെയാണ് കണ്ടൽ വനങ്ങൾ എന്നു പറയുന്നത്.ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവ നിത്യ ഹരിത സ്വഭാവമുള്ളവയാണ്. വിവിധ തരം മത്സ്യങ്ങൾക്കും ജലജീവികൾകും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന ഇവയെ പ്രകൃതിയുടെ നേഴ്സറി എന്നാണ് വിളിക്കുന്നത്‌.

ലോകത്താകമാനം 80 രാജ്യങ്ങളിലായി 14 ദശലക്ഷം ഹെക്ടർ സ്ഥലത്ത് കണ്ടൽക്കാടുകൾ പരന്നു കിടക്കുന്നു.കേരളത്തിൽ 700 ച കി.മീ കണ്ടൽ കാടുകൾ ഉണ്ടായിരുന്നത് ഇന്ന് വെറും 17 ച കി മീ ആയി കുറഞ്ഞിരിക്കുന്നു. ഇവയിൽ കണ്ണൂർ തീരത്ത് 755 ഹെക്ടർ, കോഴിക്കോട് 293 ഹെക്ടർ, ആലപ്പുഴ 90 ഹെക്ടർ, എറണാകുളം 260 ഹെക്ടർ, കോട്ടയം 80 ഹെക്ടർ എന്നിങ്ങനെയാണ് കണ്ടാൽ വനങ്ങൾ അവശേഷിക്കുന്നത്

മത്സ്യ സമ്പത്തിന്റെ ഉറവിടമായ കണ്ടാൽ കാടുകൾ ദേശാടന പക്ഷികൾക്കും ജല പക്ഷികൾക്കും ആവാസമൊരുക്കുന്നു.കൂടാതെ മലിനീകരണം, കരയിടിച്ചിൽ, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തടയുന്നു. തമിഴ്നാട്ടിൽ ചെന്നൈക്ക് സമീപം പിച്ചാവരം, മുത്തുപേട്‌ എന്നീ സ്ഥലങ്ങൾ സുനാമി ദുരന്തത്തിൽ നിന്നും ഒഴിവായത് അവിടെയുള്ള കണ്ടൽ കാടുകൾ മൂലമാണ്. കണ്ടലിന്റെ വേരുകൾ മണ്ണിനെയും മറ്റു വസ്തുക്കളെയും പിടിച്ചു നിർത്തി കരയെ സംരക്ഷിക്കുന്നതിനൊപ്പം വെള്ളം അരിച്ചു ശുദ്ധം ആക്കുകയും ചെയ്യുന്നു.കോറൽ പാറകളെ സംരക്ഷിക്കുകയും മത്സ്യങ്ങൾക്ക് പ്രജനന സൌകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന കണ്ടലുകൾ ഓരോ രാജ്യത്തിനും ചെയ്യുന്ന സേവനങ്ങൾ വളരെ വിലപെട്ടതാണ്. ബംഗ്ലാദേശിൽ അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ ഇന്ത്യൻ തീരത്ത് വരാതെ കാക്കുന്നത് സുന്ദർബൻ കണ്ടൽ കാടുകളാണ്.ഏകദേശം 43 ഇനങ്ങളിൽ പെട്ട കണ്ടലുകളാണ് കേരള തീരത്ത് കണ്ടു വരുന്നത്. ഇവയിൽ പ്രധാനപെട്ടവ ചുവടെ കൊടുക്കുന്നു.

1,
വലിയ കണ്ടൽ/ ഭ്രാന്തൻ കണ്ടൽ (രയ്സോഫോര മുക്രോനേറ്റ )
2,
കമ്മട്ടി/ കണ്ണാംബൊട്ടി (എക്സ്കൊക്കെരിയ അഗല്ലോച്ച )
3,
കുറ്റിക്കണ്ടൽ (ബ്രുഗ്വീറ സിലിണ്ട്രിക്ക)
4,
ഉപ്പുചുള്ളി (അക്കന്തുസ് ഇസിലി ഫോളിയസ് )
5,
വലിയ ഉപ്പത്ത (അവിസേന്നിയ ഒഫീസിനലിസ് )
6,
ചക്കര കണ്ടൽ (സോനരെഷ്യ കാസിയോളരിസ് )
7,
സുന്ദരി കണ്ടൽ (ബ്രുഗ്വീറ ജിമ്നോരൈസ )
8,
സ്വർണ കണ്ടൽ (ബ്രുഗ്വീറ സെക്സ്വാംഗുല )
9,
നല്ല കണ്ടൽ (കണ്ടെലിയ കണ്ടൽ)
10,
വള്ളി കണ്ടൽ (രൈസൊഫൊര അപ്പിക്കുലേറ്റ )


തീര പ്രദേശത്തെ കണ്ടൽ കാടുകൾ ജലത്തിൽ നിന്നും കര പ്രദേശത്തേക്ക് വ്യാപിക്കുന്ന ഉപ്പിന്റെ അംശം തടയുന്നു. ഓരു ജലവും ശുദ്ധ ജലവും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നതിന് കണ്ടലിനുള്ള കഴിവ് മനസ്സിലാക്കിയാണ് പണ്ടുള്ളവർ കണ്ടൽ നട്ടുവളർത്തി സംരക്ഷിച്ചു പോന്നിരുന്നത്.

സത്യപ്രതിജ്ഞ

     സ്കൂള്‍ പാര്‍ലമെന്റിലേക്ക് നടന്ന മത്സരത്തില്‍ വിജയികളായ സ്ഥാനാര്‍ത്ഥികളുടെ സത്യപ്രതിജ്ഞ നടന്നു. ഷാജി മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

      സ്കൂള്‍ ലീഡറായ ധനുഷും ഡപ്യൂട്ടി ലീഡറായി ജിതിനയും അധികാരമേറ്റു.



സ്പീക്കറായി അഥര്‍വ്വയും ഡപ്യൂട്ടി സ്പീക്കറായി രാദില്‍ രാജും സ്ഥാനം കൈയേറ്റു. 



സ്കൂള്‍ പാര്‍ലമെന്റ് സമ്മേളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ചാന്ദ്രദിനപതിപ്പുകള്‍

ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകാരും ചുമര്‍പത്രികകള്‍ തയ്യാറാക്കിയിരുന്നു. പ്രസ്തുത പതിപ്പുകളുടെ പ്രകാശനം അസംബ്ലിയില്‍ വെച്ച് നടന്നു.






എല്ലാ കുട്ടികളും വ്യക്തിഗത ചാന്ദ്രദിന പടിപ്പുകളും തയ്യാറാക്കയിരുന്നു.

Sunday, 24 July 2016

തെരഞ്ഞെടുപ്പ്

       സ്കൂള്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് സമാധാനപരം. കുട്ടികള്‍ തന്നെ നിയന്ത്രിച്ച തെരഞ്ഞെടുപ്പില്‍  92 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒന്നാം ക്ലാസുകാര്‍ മുതല്‍ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിനുശേഷം ആകാംക്ഷയോടെ കാത്തിരുന്ന വോട്ടര്‍മാരെ അധികം മുഷിപ്പിക്കാതെ വോട്ടെണ്ണല്‍ ആരംഭിച്ചു. സ്കൂള്‍ ലീഡറായി ധനുഷ്.എം , ഡപ്യൂട്ടി ലീഡറായി ജിതിന എന്നിവരും സ്പീക്കറായി അഥര്‍വ്വ, ഡപ്യൂട്ടി സ്പീക്കറായി രാഗില്‍രാജും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം ആരവങ്ങളോടെ സ്വീകരിക്കപ്പെട്ടു. തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഹെഡ്മാസ്റ്റര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.





Thursday, 21 July 2016

ചാന്ദ്രദിനാഘോഷം

      മനുഷ്യന്റെ ഐതിഹാസിക നേട്ടങ്ങളില്‍ പ്രഥമസ്ഥാനത്ത് വിരാജിക്കുന്നത് അമ്പിളി മാാമനില്‍ പാദസ്പര്‍ശം നടത്താനായതാണ്. ശീത സമരകാലത്തെ സോവിയറ്റ് യൂണിയന്‍- അമേരിക്ക മത്സരത്തിന്റെ ഭാഗമായി മാനവരാശിക്ക് ഉണ്ടായ ശാസ്ത്ര നേട്ടങ്ങളില്‍ പ്രധാനമാണ് മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള പ്രവര്‍ത്തനപദ്ധതികള്‍. ലൂണാ - അപ്പോളോ പര്യവേഷണങ്ങളില്‍ മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കാന്‍ സാധിച്ചത് അമേരിക്കയുടെ അപ്പോളോ 11 പര്യവേഷണ വാഹനത്തിനായിരുന്നു. നീല്‍ ആംസ്ട്രോഗും എഡ്വിന്‍ ആല്‍ഡ്രിനും മൈക്കല്‍ കോളിന്‍സും അങ്ങനെ ചരിത്രപുരുഷന്മാരായി. 1969 ജൂലൈ 21 ന് അമ്പിളി മാമന്റെ നെറുകയില്‍ മാനാവരാശിയുടെ ആ കുതിച്ചുചാട്ടം യാഥാര്‍ത്ഥ്യമായി. ഗ്രഹാന്തര യാത്രകളുടെ സാധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് ചാന്ദ്രയാത്ര അധ്യായം രചിച്ചത്. 2009- ല്‍ ഇന്ത്യുയും ചാന്ദ്രയാന്‍ 1 ലൂടെ നമ്മുടെ സാന്നിധ്യം ചന്ദ്രനിലും തെളിയിച്ചു.

     ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് വിദ്യാലയത്തില്‍ തീരുമാനിച്ചിട്ടുള്ളത്. ചാന്ദ്ര വിശേഷങ്ങള്‍ പങ്ക് വെക്കല്‍, എല്ലാ ക്ലാസിലും ചുമര്‍പത്രികകള്‍, എല്ലാവര്‍ക്കും പതിപ്പുകള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍, ക്വിസ് മത്സരം, ചാന്ദ്രമനുഷ്യനുമായി അഭിമുഖം എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും.

        അസംബ്ലിയില്‍ ചാന്ദ്രദിനത്തെക്കുറിച്ച് മാഡം ക്യൂറി സയന്‍സ് ക്ലബ്ബ് സിക്രട്ടറി നന്ദന സംസാരിച്ചു. സജിത്ത് മാസ്റ്റര്‍ വീഡിയോ പ്രദര്‍ശനം നടത്തി കാര്യങ്ങള്‍ അവതരിപ്പിച്ചു. ചാന്ദ്രമനുഷ്യനുമായുള്ള അഭിമുഖത്തില്‍ ഷാജി മാസ്റ്റര്‍ ദ്വിഭാഷിയായി പ്രവര്‍ത്തിച്ചുപതിപ്പുകളുടെ പ്രകാശനം നാളെ നടക്കും.





പ്രകൃതി നടത്തം

പ്രകൃതിയാണ് ഏറ്റവും നല്ല പാഠശാല എന്നു നമുക്കറിയാം. ഏറ്റവും നല്ല അധ്യാപകനും പ്രകതി തന്നെയത്രേ. അഞ്ചാം ക്ലാസിലെ കുട്ടികള്‍ പാഠഭാഗത്തെ വിവിധതരം വേരുകള്‍ നേരിട്ട് കണ്ടെത്താനായി യാത്ര പോയപ്പോള്‍ .  . . .


സമ്മാനങ്ങള്‍

 വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പൊതുവിജ്ഞാന സംബന്ധിയായതും വിഷയകേന്ദ്രിതവുമായ ചോദ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും കുട്ടികള്‍ ഉത്തരങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങല്‍ ഈ അധ്യയന വര്‍ഷത്തിലും ആരംഭിച്ചു. ഗണിത ക്ലബ്ബിന്റെ ആദ്യ സമ്മാനം ഏഴിലെ നന്ദന.ടി നേടി. ശുചിത്വ ക്ലബ്ബിന്റെ പുരസ്കാരത്തിന് അര്‍ഹനായത് ഏഴിലെ തന്നെ ധനുഷ്.കെ യാണ്.


ക്ലബ്ബ് ഉദ്ഘാടനം

        വിദ്യാലയത്തില്‍ പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമായ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ വിദ്യാലയത്തില്‍ നിരവധി ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. സയന്‍സ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ്, ലിറ്റററി ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, പ്രവൃത്തിപരിചയ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടപ്പിലാക്കുന്നത്. എല്ലാ കുട്ടികളും താല്പര്യമുള്ള ഏതെങ്കിലുമൊരു ക്ലബ്ബിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

     വിദ്യാലയത്തിലെ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം 2016 ജൂലൈ 14 ന് വലിയപറമ്പ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ശ്രീ.പവിത്രന്‍ നിര്‍വ്വഹിച്ചു. കൃഷി അനുബന്ധ കാര്യങ്ങളെക്കുറിച്ച് സവിസ്തരം കുട്ടികളുമായി സംവദിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനപ്രസംഗം നടത്തിയത്. ഹെഡ്മാസ്റ്റര്‍ ശ്രീ. ദാമോദരന്‍ കൊളക്കാട് അധ്യക്ഷനായിരുന്നു. ശ്രീ. മധുസൂദനന്‍ മാസ്റ്റര്‍ ആശംസ അറിയിച്ചു. ഗണിത ക്ലബ്ബ് കണ്‍വീനര്‍ ശ്രീ.ചന്ദ്രാംഗദന്‍ മാസ്റ്റര്‍ സ്വാഗതവും ഗണിത ക്ലബ്ബ് സിക്രട്ടറി രാഗില്‍രാജ് നന്ദിയും പറഞ്ഞു. കുട്ടികള്‍ക്കുള്ള ഗാര്‍ഹിക പച്ചക്കറി വിത്തുകളുടെ വിതരണോദാഘാടനവും തദവസരത്തില്‍ നടന്നു.
      

      

       



Tuesday, 12 July 2016

ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്...


       സ്കൂള്‍ പാര്‍ലമെന്റിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഉദിനൂര്‍ കടപ്പുറം ഫിഷറീസ് യു.പി.സ്കൂള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. 2016 ജൂലായ് 25 നാണ് തെരഞ്ഞെടുപ്പ്.

ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്



     കന്നുവീട് കടപ്പുറം ആയുഷ് ഹോമിയോ മെഡിക്കല്‍ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ ആരോഗ്യ വിദ്യാഭ്യാസ ക്ലാസും പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തി. ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ശ്രീമതി. ശോഭ ക്ലാസ് നയിച്ചു. സ്കൂള്‍ അധ്യാപികയായ ശ്രീമതി ടീച്ചര്‍ സ്വാഗതവും സ്കൂള്‍ ആരോഗ്യ ക്ലബ്ബ് സിക്രട്ടറി ധനുഷ് നന്ദിയും അറിയിച്ചു. എല്ലാ കുട്ടികള്‍ക്കും പ്രതിരോധമരുന്ന് വിതരണം ചെയ്തു.




Tuesday, 5 July 2016

ഈദ് ആശംസകള്‍



ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസം. പരിശുദ്ധ ഖു ർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ.


പത്തു ദിവസങ്ങൾ അടങ്ങുന്ന മൂന്ന് ഭാഗങ്ങളായി റമദാനെ തിരിച്ചിരിക്കുന്നു. ഇതിനെ റഹ്‌മ (ദൈവകൃപ), മഗ്‌ഫിറ(പാപമോചനം), നിജാദ് (നരക വിമുക്തി) എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു.. അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഏറ്റവും പുണ്യകരമായ രാവുകളാണ്. അവസാനത്തെ പത്തിലുള്ള പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ർ. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത.

വിശുദ്ധ ഖുറാനില്‍ റമദാനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്.


ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ‍. അതു കൊണ്ട്‌ നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങൾക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങൾക്ക്‌ ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക്‌ നേർവഴി കാണിച്ചുതന്നിന്റെപേരിൽ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കൽപിച്ചിട്ടുള്ളത്‌. )

സത്യത്തിന്റെ പാതയില്‍ ചരിക്കുന്ന അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരണമെന്നാഗ്രഹിക്കുന്ന എല്ലാ സത്യവിശ്വാസികള്‍ക്കും ഹൃദയംഗമമായ ഈദ് ആശംസകള്‍