ഒരു പ്രദേശത്തിന്റെ സംസ്കാരിക വളര്‍ച്ചയെ സ്വാധീനിക്കുന്നതില്‍ ആ നാട്ടിലെ പൊതുസ്ഥാപനങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെക്കന്‍ കാനറയില്‍ ഉള്‍പ്പെട്ടിരുന്ന വലിയപറമ്പിലെ ജനങ്ങള്‍ക്കായി 1916 ലാണ് ആദ്യ വിദ്യാലയം നിലവില്‍ വരുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോവര്‍ പ്രൈമറി മാത്രമുണ്ടായിരുന്ന വിദ്യാലയം അപ്പര്‍ പ്രൈമറിയായി വളര്‍ന്നു. സ്വകാര്യ കെട്ടിടത്തില്‍ നിന്ന് സ്വന്തം കെട്ടിടത്തിലേക്കും മാറ്റമുണ്ടായി. കന്നുവീട് കടപ്പുറത്തെയും പരിസര ദ്വീപുകളായ മാടക്കാല്‍, ഇടയിലക്കാട്, തെക്കെക്കാട് പ്രദേശങ്ങളിലെ മുതിര്‍ന്നവരെല്ലാം ഈ വിദ്യാലയത്തിലെ അധ്യേതാക്കളായിരുന്നു.
നൂറിന്റെ നിറവിവെത്തി നില്‍ക്കുന്ന വിദ്യാലയമുത്തശ്ശിയുടെ പിറന്നാളാഘോഷം നാടിന്റെ ഉത്സവമായി നടത്താന്‍ തീരുമാനിച്ചത് ഇക്കാരണത്താലാണ്. 2015 ല്‍ വിളംബരഘോഷയാത്രയോടെ ആരംഭിച്ച പരിപാടികള്‍ക്ക് 2016 മാര്‍ച്ച് 6 ന് തിരശ്ശീല വീഴുകയാണ്. അന്ന് രാവിലെ പത്ത് മണിക്ക് ഒരു വട്ടം കൂടി ഇവിടെയുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളായിരുന്നവരും സ്നേഹാന്വേഷണങ്ങള്‍ പങ്ക് വെക്കും. കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.ജി.സി.ബഷീര്‍ സ്നേഹസംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് സാരഥി ശ്രീ.എം.ടി.അബ്ദുള്‍ ജബ്ബാര്‍ അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആശംസകള്‍ നേരും.
ഉച്ചക്ക് 2 മണിക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വി.പി.ജാനകി ഉദ്ഘാടനം ചെയ്യുന്ന മാതൃസംഗമത്തില്‍ നല്ല രക്ഷിതാവിനെ നിര്‍ണയിക്കാനുള്ള പരിശീലനത്തിന് ശ്രീ.എ.ജി.അബ്ദുള്‍ ഹക്കീം മാസ്റ്റര്‍ നേതൃത്വം നല്‍കും. അനുബന്ധമായി ശ്രീ.ദിനേശന്‍ തെക്കുമ്പാടിന്റെ പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനവും നടക്കും.
വൈകുന്നേരം 5 മണിക്കാരംഭിക്കുന്ന സംസ്കാരിക സായാഹ്നത്തില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ. ശ്രീ.കെ.കുഞ്ഞിരാമന്‍ സമാപനസമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ വിദ്യാലയത്തിലെ മുന്‍ അധ്യാപകനും മലയാളത്തിന്റെ പ്രിയ കഥാകാരനും നോവലിസ്റ്റുമായ ശ്രീ.സി.വി.ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. സാമൂഹിക-സംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരം ചേര്‍ന്നൊരുക്കുന്ന കലാസന്ധ്യക്ക് തുടക്കമാകും.
ആഘോഷപരിപാടികളില്‍ പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന എല്ലാ സുമനസ്സുകളെയും ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.