ഭക്ഷ്യസുരക്ഷയുടെ സുസ്ഥിര ഭാവിക്ക് പയർ വർഗങ്ങൾ
ഐക്യരാഷ്ട്രസഭ
2016
അന്താരാഷ്ട്ര പയർ വർഗ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. “സുസ്ഥിര
ഭാവിക്ക് പോഷകമൂല്യമുള്ള വിത്ത്” എന്നതാണ്
മുദ്രാവാക്യം. പയർ വർഗങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ചും അത് മനുഷ്യന് നൽകുന്ന
ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ജനങ്ങളുടെയിടയിൽ പ്രചരിപ്പിക്കുകയാണ് പ്രധാന
ലക്ഷ്യം. അതുവഴി പയർവർഗങ്ങളുടെ ഉൽപ്പാദനവും വിപണനവും പരമാവധി വർധിപ്പിക്കുക-യു.എൻ
ലക്ഷ്യമിടുന്നു. നമ്മുടെ ഭക്ഷ്യസംസ്കാരത്തിൽ പയർ വർഗങ്ങളുടെ ഉപയോഗം പരമാവധി
വർധിപ്പിക്കുകയാണ് ഉദ്ദേശ്യം.”
മനുഷ്യൻ
കൃഷി ആരംഭിച്ചത് ധാന്യങ്ങളുടെ ഉൽപ്പാദനത്തോടെയായിരുന്നു എന്നാണ്
കണക്കാക്കപ്പെടുന്നത്. ധാന്യങ്ങളുടെ ഉൽപ്പാദനത്തോടൊപ്പം തന്നെ പയർ വർഗങ്ങളുടെ
കൃഷിയും ആരംഭിച്ചിരുന്നതായി ഭക്ഷ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പയർ വർഗങ്ങൾ
ധാന്യങ്ങളെപ്പോലെതന്നെ മനുഷ്യന്‍ററെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത
ഭക്ഷ്യവസ്തുവായി ചരിത്രാതീതകാലം മുതൽ ഉണ്ടായിരുന്നു. ജലാംശം തീരെ കുറഞ്ഞതിനാൽ
ഉണക്കി ദീർഘകാലം സൂക്ഷിച്ചുവയ്ക്കാവുന്ന ഇതിന്റെ പ്രത്യേകത മറ്റേത് ഭക്ഷ്യവസ്തുവിനെക്കാളും പയർ വർഗത്തെ പൗരാണിക മനുഷ്യനെ പ്രിയപ്പെട്ടതാക്കി. മറ്റ്
ഭക്ഷണങ്ങളെക്കാളും പ്രോട്ടീൻ പയറിനങ്ങളിലുള്ളതുകൊണ്ട് ചെലവ് കുറഞ്ഞ മാംസം എന്ന്
പയർ വർഗത്തെ വിളിക്കാറുണ്ട്. ഊർജ്ജദായകമായ കാർബോ ഹൈഡ്രേറ്റ്, നാരുകൾ, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, വിവിധ
വിറ്റാമിനുകൾ പയറിനങ്ങളിൽ അടങ്ങിയിട്ടുണ്ട്.
പയർ
വർഗത്തിൽപ്പെട്ടവ ലോകത്തെമ്പാടുമായി 13,000
ത്തോളം ഇനം കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിൽ വളരെ കുറച്ച് ഇനങ്ങളെ
ഉപയോഗിക്കുന്നുള്ളു. പച്ചയായിട്ടുള്ളതും ഉണങ്ങിയതുമായ രണ്ടിനങ്ങൾ നമ്മൾ ഭക്ഷണത്തിൽ
ഉൾപ്പെടുത്തുന്നു. അമരക്കായ്, നീളൻ
പയർ, ബീൻസ്
തുടങ്ങിയവയാണ് പച്ച ഇനത്തിൽപ്പെട്ടവ. മുതിര, തുവര, ഉഴുന്ന്, കടല, സോയാബീൻ, ചെറുപയർ, പച്ച
പട്ടാണിക്കടല എന്നിവ ഉണങ്ങിയ ഇനത്തിൽപ്പെടുന്നു. സവിശേഷമായ ഗുണങ്ങളാണ്
ഇവയ്ക്കെല്ലാം ഉള്ളത്. പയർ വിത്തുകളുടെ ഉപയോഗത്തെക്കുറിച്ചും അവ നമ്മെ
നിലനിർത്തുന്നതിൽ ചെയ്യുന്ന ഗുണങ്ങളെക്കുറിച്ചും നാം വേണ്ടത്ര ബോധവാന്മാരല്ല.
ജനസംഖ്യ താരതമ്യേന കൂടുതലുള്ള ആഫ്രിക്കയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും
ഏഷ്യയിലും പയര്‍ വർഗ്ഗങ്ങൾ മുഖ്യ ഭക്ഷ്യ ഇനമാണ്.
പ്രായപൂർത്തിയായ
ഒരാൾക്ക് ഒരു ദിവസം 40 ഗ്രാം പയർ
വർഗം ഉപയോഗിക്കേണ്ടതുണ്ട്. യൂണിസെഫിന്റെ കണക്കു പ്രകാരം പോഷകാഹാരക്കുറവ് മൂലം
പ്രത്യേകിച്ച് പ്രോട്ടീനിന്റെ അഭാവം കാരണം ലോകത്ത് ഓരോ 13
സെക്കൻഡിലും ഒരു കുട്ടിവീതം മരണമടയുകയാണ്. അവികസിതരാജ്യങ്ങളിൽ ജനിക്കുന്ന
കുട്ടികളിൽ 42
ശതമാനത്തിനും ആവശ്യത്തിന് വേണ്ടത്ര തൂക്കമില്ല. ഇവിടത്തെ സ്ത്രീകൾക്ക്
ഗർഭാവസ്ഥയിൽ വേണ്ടത്ര പ്രോട്ടീൻ ലഭിക്കുന്നില്ല. ഇന്ത്യയിൽതന്നെ 43
ശതമാനത്തിന് പോഷകാഹാരക്കുറവുമൂലം വിളർച്ച രോഗമുണ്ട്. ഈ പോക്ക് തുടർന്നാൽ
ആരോഗ്യമില്ലാത്ത ഒരു തലമുറയെയായിരിക്കും ലോകത്ത് അവശേഷിക്കുക. പ്രോട്ടീൻ ന്യൂനത
മൂലമുള്ള രോഗങ്ങൾ വികസ്വര-അവികസിത രാജ്യങ്ങളെ കാർന്നുതിന്നുകയാണ്. ലോകാരോഗ്യ
സംഘടന തന്നെ ഇത് സംബന്ധിച്ച് മൂന്നാര്റിയിപ്പ് നൽകിയിട്ടുള്ളതാണ്.
മുലയൂട്ടുന്ന അമ്മമാരിൽ പ്രോട്ടീന്റെ കുറവ് വളരെ കൂടുതലാണ്. പ്രോട്ടീൻ ന്യൂനത
പരിഹരിക്കാൻ എളുപ്പമാർഗം പയർവർഗവിളകളുടെ ഉൽപ്പാദനം വർധിപ്പിക്കുക എന്നതാണ്.
നമ്മുടെ
പാരമ്പര്യ ഭക്ഷണരീതികൾ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ പോഷകാംശമുള്ള ഭക്ഷണം
വർത്തമാന സാഹചര്യത്തിൽ കുറയുന്നു. ഇത് തിരിച്ചുപിടിക്കാൻ പയറ് വർഗ്ഗങ്ങൾ
ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത് മനസിലാക്കിയാണ്
ഐക്യരാഷ്ട്രസഭയുടെ 68-ാമത്
യുഎൻ ജനറൽ അസംബ്ലി 2016
ലോക പയർവർഗ വർഷമായി ആചരിക്കാൻ തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്
ഭക്ഷ്യ-കാർഷിക-സംഘടനയെ ഉപയോഗപ്പെടുത്തി.
ലോകത്ത്
ഏറ്റവും കൂടുതൽ പയറ് വർഗ്ഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
2015 ൽ
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർധനവ് ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
പല പയർ വർഗ്ഗങ്ങളും കയറ്റുമതി ചെയ്യുന്നുമുണ്ട്. എന്നാൽ പോഷക മൂല്യത്തിൽ ഏറ്റവും
മുന്നിൽ നിൽക്കുന്ന പയറിനങ്ങളായ ചെറുപയർ, ഉഴുന്ന്
എന്നിവ ഇപ്പോൾ ഇറക്കുമതി ചെയ്യുന്നു. ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ പയർ ഉൽപ്പന്നങ്ങൾ
ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്നു.
മറ്റ്
വിളകളെ അപേക്ഷിച്ച് പയറിനങ്ങൾ മികച്ച പ്രകൃതി സൗഹാർദ കാരികളാണ്. പയറ് വിളകൾക്ക്
ജലസേചനം കുറച്ചുമതി എന്നതാണ് ഇതിൽ പ്രധാനം. കൊടും വരൾച്ചയേയും അതി ശൈത്യം
തുടങ്ങിയ കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാൻ ഒരു പരിധിവരെ പയർ സസ്യങ്ങൾക്ക് കഴിയുന്നു.
ഭൂമിയെ കൂടുതലായി തണുപ്പിക്കാനും പയർ വിളകൾക്ക് സാധിക്കുന്നുണ്ട്. പയർ ചെടിയുടെ
വേരുകൾ മണ്ണിലേക്കിറങ്ങി വളരുന്നതിനാൽ മണ്ണൊലിപ്പ് തടയുന്നു. ഒരു കിലോ മാംസം
പാചകം ചെയ്യുന്നതിന് 14,000
ലിറ്റർ ജലം വേണം. എന്നാൽ ഇതേ ഗുണം തരുന്ന ഇത്രയും അളവിലുള്ള പയർ വിളകൾ പാചകം
ചെയ്യുന്നതിന് വെറും 325
ലിറ്റർ വെള്ളം മതിയാകും. പയർ വിളകളുടെ വർധനവ് പോഷകസുരക്ഷ മാത്രമല്ല, പ്രകൃതി
സംരക്ഷണവും കൂടിയാണ്. മാത്രമല്ല, ധാന്യം, പച്ചക്കറി, പഴവർഗങ്ങൾ, മത്സ്യം
തുടങ്ങിയവയുമായി തട്ടിച്ച് നോക്കുമ്പോൾ ഏറ്റവും കുറച്ച് പാഴാവുന്ന ഭക്ഷ്യവസ്തു
പയർ വർഗങ്ങളാണ്. ഭൂമിയിൽ മാലിന്യങ്ങൾ സൃഷ്ടിക്കുന്നതിൽ അപേക്ഷികമായ വളരെ ചെറിയ
പങ്ക് മാത്രമേ ഭക്ഷ്യവിളകൾക്കുള്ളു.
നൈട്രജൻ
സസ്യ-ജന്തു ജാലങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. ജന്തുക്കൾക്ക് ഭക്ഷണത്തിലൂടെ
ലഭിക്കുമ്പോൾ സസ്യങ്ങൾ മണ്ണിൽ നിന്നും വലിച്ചെടുക്കുന്നു. അന്തരീക്ഷത്തിൽ നിന്നും
നേരിട്ട് സസ്യങ്ങൾക്ക് നൈട്രജൻ വലിച്ചെടുക്കാൻ കഴിയില്ല. ഇടിമിന്നലിലൂടെയും
മഴയിലൂടെയും മണ്ണിലെത്തുന്ന നൈട്രജനുകൾ നൈട്രേറ്റ് ലവണങ്ങളായി വെള്ളത്തിൽ ലയിച്ച്
മാത്രമേ നൈട്രജൻ സസ്യങ്ങൾക്ക് ലഭിക്കൂ. എന്നാൽ റൈസോബിയം എന്നയിനം ബാക്ടീരിയകൾക്ക്
അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് നൈട്രജൻ ആഗിരണം ചെയ്യാൻ കഴിവുണ്ട്. ഈ
ബാക്ടീരിയകൾ ഏറ്റവും കൂടുതൽ കാണുന്നത് പയർ വർഗത്തിൽപ്പെട്ട ചെടികളുടെ വേരുകളിലാണ്.
അതുകൊണ്ട് പയർ വർഗത്തിൽപ്പെട്ട ചെടികൾ കൃഷി ചെയ്യുന്നത് മണ്ണിൽ നൈട്രേറ്റിന്റെ
അളവ് വർധിക്കാൻ കാരണമാകുന്നു. ഇത് മണ്ണിനെ ഫലഭുഷ്ടിയുണ്ടാക്കും. ഇടവിള കൃഷിയായോ, വിളകൾക്കിടയിലോ
ആണ് പയർ വർഗങ്ങൾ കൃഷി ചെയ്യുന്നത്. അതുകൊണ്ടാണ് മണ്ണിനെ സംരക്ഷിക്കാൻ പയർ
ചെടികൾക്ക് നന്നായി കഴിയുന്നത്.
ഐക്യരാഷ്ട്രസഭയുടെ സന്ദേശം ഉള്ക്കൊണ്ട് കൊണ്ട് വിവിധങ്ങളായ പ്രവര്ത്തനങ്ങള് ഈ വിദ്യാലയ വര്ഷത്തില് ഏറ്റെടുക്കാന് നമുക്ക് കഴിയണം.
അവലംബം- ജനയുഗം ഓണ് ലൈന്